തിരുവനന്തപുരം: ശബരിമലയില്‍ അരവണ ക്ഷാമമുണ്ടാകുമെന്ന ആശങ്ക വേണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. പ്രതിദിനം രണ്ട് ലക്ഷം ടിൻ അരവണയാണ് നിലവില്‍ ഉത്പാദിപ്പിക്കുന്നത്.
അരവണ ക്ഷാമം ഉണ്ടാകില്ലെന്നും 60 ലക്ഷം ടിൻ കരുതല്‍ ശേഖരം ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു.
അരവണ നിർമ്മാണ പ്ലാന്റിന്റെ പ്രവർത്തനങ്ങള്‍ പൂർത്തിയായിട്ടുണ്ട്. രാത്രിയും പകലുമായി ഉത്പാദനം നടക്കുന്നുണ്ട്. സന്നിധാനത്തേക്ക് ആവശ്യമായ സാമഗ്രികള്‍ എത്തിക്കുന്നതിനുള്ള ട്രാൻസ്പോർട്ട് കരാർ ഇന്ന് മുതല്‍ ആരംഭിക്കും. ഇതിനായി ദേവസ്വം ബോർഡ് രണ്ട് ട്രാക്ടറുകള്‍ വാങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല ഡിജിറ്റലൈസേഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് കിൻഫ്രയ്ക്ക് പണം നല്‍കിയിട്ടില്ലെന്നും ജയകുമാർ പറഞ്ഞു. പദ്ധതിയില്‍ അവർക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ പിന്മാറാമെന്നും പണം നല്‍കുന്നത് ദേവസ്വം ബോർഡിന്റെ അക്കൗണ്ടില്‍ നിന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതി വഴിമുടങ്ങാതിരിക്കാനുള്ള മുൻകരുതലുകള്‍ സ്വീകരിക്കുന്നുണ്ട്. എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടുപോയാല്‍ കാര്യങ്ങള്‍ ശുഭകരമാകുമെന്നും അദ്ദേഹം പ്രതികരിച്ചു.






