തിരുവനന്തപുരം: പ്ലീഡർ നിയമന വിഷയത്തില്‍ പാർട്ടിയുടെ ഇടപെടല്‍ ഉടൻ ഉണ്ടാകും എന്നാണ് പ്രതീക്ഷയെന്ന് അലോഷ്യസ് സേവ്യർ. വിഷയം കെപിസിസി അധ്യക്ഷന്റെ ശ്രദ്ധയില്‍പ്പെടുത്തി.
പാർട്ടി ഈ വിഷയത്തില്‍ ഇടപെടും. കെഎസ്യുക്കാരുടെ പരാതികള്‍ പാർട്ടി കേള്‍ക്കും. വിഷയത്തില്‍ സർക്കാരിന് മുൻപില് സംസാരിക്കാനുള്ള അവസരം ലഭിക്കും. കോണ്‍ഗ്രസ് വിശാലമായ ജനാധിപത്യ കാഴ്ചപ്പാടുള്ള പാർട്ടിയാണ്.
പല അഭിപ്രായങ്ങള്‍ ഉണ്ടാകും. വി ഡി സതീശൻ പാർട്ടിക്കാരുടെ മാത്രം മുഖ്യമന്ത്രിയല്ല കേരളത്തിന്റെ പൊതുസമൂഹത്തിന്റെ മുഖ്യമന്ത്രിയാണ്. കെഎസ്യു സ്വതന്ത്ര ജനാധിപത്യ പ്രസ്ഥാനമാണ്. പ്രതിപക്ഷ ഭരണപക്ഷ വ്യത്യാസമില്ലാതെ കെഎസ് യു അഭിപ്രായം പറയും. എല്ലാവരും പറയുന്ന കാര്യങ്ങള്‍ക്ക് അഭിപ്രായം പറയുകയല്ല എന്റെ ചുമതല. ഒരിക്കലും കെഎസ്യുവും സർക്കാരും തമ്മില്‍ പോരിനു പോകില്ല.
ഈ വിഷയത്തില്‍ എസ്എഫ്ഐയുടെ പിന്തുണ ഞങ്ങള്‍ക്കാവശ്യമില്ല. കഴിഞ്ഞ 10 വർഷത്തിൽ പിണറായി വിജയനെതിരെ വിരല്‍ ചൂണ്ടി എങ്കില്‍ അവരുടെ പിന്തുണ സ്വീകരിക്കുമായിരുന്നു. കെ.എസ്.യുവും സർക്കാരും രണ്ട് തട്ടില്‍ എന്നില്ല. കോണ്‍ഗ്രസ് വിശാലമായ ജനാധിപത്യ കാഴ്ചപ്പാടുള്ള പാർട്ടി. വ്യത്യസ്ത ആശയങ്ങള്‍ ക്രോഡീകരിച്ചു ഒറ്റ അഭിപ്രായത്തിലേക്ക് എത്തും. വ്യത്യസ്ത അഭിപ്രായങ്ങള്‍ പറയും. എല്ലാം പാർട്ടി കേള്‍ക്കും.
ഈ വിഷയം കേരളത്തിൻറെ മുഖ്യമന്ത്രി കാണാതെ പോകില്ല. കെ.എസ്.യു സ്വന്തമായി അഭിപ്രായം പറയാൻ കരുത്തുള്ള സംഘടനയാണ്. അദ്ദേഹം കെഎസ്യുവിന്റെയും കോണ്‍ഗ്രസിന്റെയും മാത്രം മുഖ്യമന്ത്രിയല്ല. അദ്ദേഹത്തിന് തിരക്കുകള്‍ ഉണ്ട്. അത് ഞങ്ങള്‍ മാനിക്കുന്നു. കെപിസിസി അധ്യക്ഷൻ ഇടപെടല്‍ നടത്തുമെന്ന് പറഞ്ഞിട്ടുണ്ട്. കെ.എസ്.യു - സർക്കാർ പോര് ഇന്ന് ടാഗ് ലൈനിനോട് ഞങ്ങള്‍ക്ക് താല്പര്യമില്ല.കെ.എസ്.യു വിൻ്റെ വൈകാരികതയെ ഉള്‍ക്കൊള്ളുന്ന മുഴുവൻ നേതാക്കളും പിന്തുണക്കും. ഉടൻ മുഖ്യമന്ത്രിയെ കാണുമെന്നും അലോഷ്യസ് സേവ്യർ ചൂണ്ടിക്കാട്ടി.
അതേസമയം മുഖ്യമന്ത്രി വിഡി സതീശന് പരോക്ഷ മറുപടിയുമായി വിഎം സുധീരൻ രംഗത്തെത്തി. കെപിസിസിയില്‍ നടന്ന ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിക്കിടെ അലോഷ്യസ് സേവ്യറിനെ പേരെടുത്ത് പറഞ്ഞ് സുധീരൻ പ്രശംസിച്ചു. ആരുടെ മുൻപിലും ആർജവത്തോട നിലപാട് പറയുന്നതാണ് കെഎസ്യുവിന്റെ പാരമ്പര്യം. താത്ക്കാലികമായി ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. കെഎസ്യു ധീരമായി മുന്നോട്ട് പോകണമെന്നും വി എം സുധീരൻ പറഞ്ഞു. പ്രസംഗത്തിനിടെ കെഎസ്യു പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് കൈ കൊടുത്തു കൊണ്ടാണ് പ്രശംസ അറിയിച്ചത്.






