തിരുവനന്തപുരം: കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് മുഖ്യമന്ത്രി വി.ഡി.സതീശനെ കാണാന്‍ അവസരം നിഷേധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്.
കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചത് മുഖ്യമന്ത്രി കൊല്ലത്തുണ്ടായിരുന്ന വ്യാഴാഴ്ചയാണ്. പിറ്റേന്ന് മുഖ്യമന്ത്രി കൊച്ചിയിലുണ്ടെന്ന് അറിയിച്ചിരുന്നുവെന്നും പക്ഷേ കന്യാകുമാരില്‍ പോകുകയാണെന്ന് അലോഷ്യസ് സേവ്യര്‍ പറഞ്ഞുവെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് വിശദീകരിച്ചു.
ഗവണ്മെന്റ് പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട വിയോജിപ്പ് പരസ്യമാക്കിയതിനെ തുടര്‍ന്നാണ് അലോഷ്യസ് സേവ്യറിനെ കാണാന്‍ മുഖ്യമന്ത്രി വിസമ്മതിച്ചതെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനിടെയാണ് വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തെത്തിയതും. ഇതിനിടെ ഇന്നലെ എറണാകുളം തേവരയില്‍ നടന്ന ചടങ്ങില്‍ കെഎസ്യു സംസ്ഥാന പ്രസിഡന്റിനെ കണ്ടിട്ടും മുഖ്യമന്ത്രി മുഖം കൊടുക്കാതെ മടങ്ങിയതും വിവാദത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. തേവരയില്‍ വച്ചും മുഖ്യമന്ത്രി മുഖം കൊടുക്കാതെ മടങ്ങിയതോടെ പിഴവ് ചൂണ്ടിക്കാട്ടുകയാണ് കെഎസ്യു ചെയ്തതെന്നും അത് തെറ്റാണെങ്കില്‍ ആ തെറ്റ് ഇനിയും തുടരുമെന്നുമായിരുന്നു അലോഷ്യസ് സേവ്യറിന്റെ പ്രതികരണം.
അതിനിടെ പ്രശ്നത്തില്‍ ഇടപെടണമെന്ന് കെപിസിസി അധ്യക്ഷനോട് അലോഷ്യസ് സേവ്യര്‍ ആവശ്യപ്പെട്ടു. യുഡിഎഫ് ഭരണത്തില്‍ കെ എസ് യുവിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തത് നിര്‍ഭാഗ്യകരമെന്നാണ് പരാതി. അതേസമയം, അനാവശ്യ വിവാദം ഉണ്ടാക്കുന്നുവെന്നാണ് വി ഡി പക്ഷത്തിന്റെ വാദം. യുവാക്കളെ ഇറക്കി വിടുന്നതിനു പിന്നില്‍ ഗ്രൂപ്പ് താല്പര്യമെന്നാണ് ആക്ഷേപം. കെപിസിസി അധ്യക്ഷനോട് അലോഷ്യസ് പരാതി അറിയിച്ചു.
കെഎസ്യുവിനെതിരെയുള്ള വിമര്‍ശനങ്ങളില്‍ ജിന്റോ ജോണും അനൂപ് വി.ആറും സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ഈ സര്‍ക്കാര്‍ കെഎസ്യുവിന്റെയും സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും കൂടി സര്‍ക്കാരാണെന്നും അവരെ കൂടി പരിഗണിക്കണമെന്നുമായിരുന്നു വിമര്‍ശനം. ആശങ്കകള്‍ തിരുത്തപ്പെടാതെ വരുമ്പോഴാണ് അഭിപ്രായവ്യത്യാസം തുറന്ന് പറയുന്നതെന്ന് ജിന്റോ ജോണ്‍ നിലപാട് വ്യക്തമാക്കി പറഞ്ഞു.
ഗവ. പ്ലീഡര്‍മാരുടെ നിയമനത്തെച്ചൊല്ലി രൂപപ്പെട്ട മുഖ്യമന്ത്രി-കെ.എസ്.യു പോര്‍മുഖം 'സര്‍ക്കാര്‍-സംഘടന' ഏറ്റുമുട്ടലായി വളര്‍ന്നത് കോണ്‍ഗ്രസിനെ വലയ്ക്കുന്നുണ്ട്. ഏകോപനത്തിനോ മധ്യസ്ഥതയ്ക്കോ പാര്‍ട്ടി സംവിധാനമില്ലാതായ അസാധാരണ സാഹചര്യത്തിലാണ് ആഭ്യന്തര സംഘര്‍ഷങ്ങള്‍. പ്ലീഡര്‍ നിയമനത്തില്‍ പരാതിയുണ്ടെങ്കില്‍ മുഖ്യമന്ത്രിയെ അറിയിക്കാമെന്നിരിക്കെ, ഫേസ്ബുക്കില്‍ പോസ്റ്റിട്ടതും പിന്നാലെ തുടര്‍ച്ചയായ പരസ്യവിമര്‍ശനങ്ങളും അത്ര നിഷ്കളങ്കമല്ലെന്ന വിലയിരുത്തലിലാണ് വി.ഡി. പക്ഷം.
മുഖ്യമന്ത്രിനിര്ണയ ചര്‍ച്ചകളോളം നീളുന്ന രാഷ്ട്രീയ കാരണങ്ങള്‍ ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് പിന്നില്‍ വി.ഡിക്കൊപ്പമുള്ളവര് സംശയിക്കുന്നു. അതേസമയം, മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനമെടുക്കുന്നുവെന്ന വികാരമാണ് പാര്‍ട്ടിയില്‍ മറുഭാഗത്തിനുള്ളത്. വീര്യം കുറഞ്ഞ മദ്യം, തെരഞ്ഞെടുപ്പ് കമീഷണറുടെ നിയമനം എന്നിവയിലുയര്‍ന്ന എതിര്‍സ്വരങ്ങളുടെ തുടര്‍ച്ചയാണ് പ്ലീഡര്‍ നിയമനത്തിലും പ്രതിഫലിക്കുന്നതെന്നാണ് ഇവരുടെ വാദം.
ഫലത്തില്‍ പ്ലീഡര്‍ നിയമനത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ വെറുമൊരു വാക്പോരിനപ്പുറം മുഖ്യമന്ത്രിക്കെതിരായ പടയൊരുക്കം കൂടിയായി മാറുകയാണ്. മറുഭാഗത്താകട്ടെ, മുഖ്യമന്ത്രിക്കെതിരെ പരസ്യവിമര്‍ശനം നടത്തിയവരെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ചാനല്‍ ചര്‍ച്ച പാനലില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വി.ഡി സതീശന് വിഭാഗവും രംഗത്തെത്തി. മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിടുന്നവര്‍ക്ക് ചാനല്‍ ചര്‍ച്ചകളില്‍ മുഖ്യമന്ത്രിക്കായി എങ്ങനെ പ്രതിരോധം തീര്‍ക്കാനാകുമെന്ന ചോദ്യമാണ് ഇവര്‍ മുന്നോട്ടുവെക്കുന്നത്.
ഇത്തരം ആഭ്യന്തര സംഘര്‍ഷങ്ങള്‍ പുതിയ തലത്തിലേക്ക് വഴിമാറുന്നത് തടയാനോ ഇടപെടാനോ സംഘടന സംവിധാനമില്ലെന്നതാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ദുര്യോഗം. ഇതിനിടെ, ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തന'ത്തില്‍ എ.ഡി.ജി.പി അജിത്ത്കുമാറിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന ആക്ഷേപം സര്ക്കാറിനെതിരെയുണ്ട്. ഭരണനേതൃത്വവും കോണ്‍ഗ്രസ് പാര്‍ട്ടിയും തമ്മില്‍ കൃത്യമായ ഏകോപനമില്ലാത്തത് പ്രതിസന്ധിയാകുന്നുവെന്നും പുതിയ കെ.പി.സി.സി പ്രസിഡന്റിനെ ഉടന്‍ നിശ്ചയിക്കണമെന്നുമുള്ള ആവശ്യം ശക്തമെങ്കിലും ചര്‍ച്ച ഇനിയും കരയണഞ്ഞിട്ടില്ല.
മാത്രമല്ല, പാര്‍ട്ടി കാര്യങ്ങളിലും നയപരമായ സര്‍ക്കാര്‍ തീരുമാനങ്ങളിലും പരസ്പര ധാരണയില്ലാത്തത് പ്രതിപക്ഷത്തിന് എളുപ്പത്തില്‍ കടന്നാക്രമിക്കാന്‍ വഴി തുറക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ അധികാരമേറ്റ് രണ്ടുമാസം പിന്നിട്ടിട്ടും മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനങ്ങള്‍ പൂര്‍ത്തിയാക്കാനായിട്ടില്ല. ഇതുസംബന്ധിച്ച അപേക്ഷകള്‍ പരിശോധിക്കാനോ അര്‍ഹത നിശ്ചയിക്കാനോ പാര്‍ട്ടിയില്‍ നിലവില്‍ സംവിധാനവുമില്ല.






