കോട്ടയം: കറുകച്ചാലിൽ വയോധികനെ മദ്യം കൊടുത്ത് മയക്കി 4 പവൻ സ്വർണ മാല തട്ടിയെടുത്ത സംഭത്തിലെ പ്രതികൾ 10 ദിവസം മുൻപ് മറ്റൊരാളെ ഇതേ പോലെ മയക്കി രണ്ടര പവൻ മാല തട്ടിയെടുത്തു. കീഴ്വായ്പൂര് പോലീസ് സ്റ്റേഷൻ പരിധിയിൽ ആയിരുന്നു സംഭവം. പോലീസിൽ പരാതി നൽകിയെങ്കിലും കാര്യമായ അന്വേഷണം ആദ്യഘട്ടത്തിൽ നടന്നില്ല. മദ്യലഹരിയിൽ മാല എവിടെയെങ്കിലും നഷ്ടപ്പെട്ടതായിരിക്കുമെന്ന് പോലീസും കരുതി.
എന്നാൽ കറുകച്ചാലിൽ സമാന സംഭവത്തിൽ 3 പേർ പിടിയിലായ വാർത്ത മാധ്യമങ്ങളിൽ നിറഞ്ഞതോടെയാണ് കീഴ്വായ്പൂര് പോലീസ് ഉണർന്നത്. ഉടനെ സി സി ടി വി ദൃശ്യങ്ങൾ തേടി പോലീസ് രംഗത്തിനങ്ങി. ദൃശ്യങ്ങൾ കണ്ട പോലീസ് ഞെട്ടി. പരാതിക്കാരനായ വയോധികനും പ്രതികൾ 3 പേരും ചേർന്നുള്ള നിരവധി ദൃശ്യങ്ങൾ പോലീസിന് കിട്ടി. ചിത്രങ്ങൾ പരിശോധിച്ച പോലീസിന് ഒരു കാര്യം വ്യക്തമായി. കറുകച്ചാലിൽ പാടിയിലായ അതേ പ്രതികൾ തന്നെയാണ് കീഴ്വായ്പൂരിലും ഓപ്പറേഷൻ നടത്തിയിരിക്കുന്നത്.
അങ്ങനെ 10 ദിവസമായി തെളിവ് ലഭിക്കാതിരുന്ന കേസിന് ജീവൻ വച്ചു. ഇനി പ്രതികളെ ജയിലിലെത്തി ഫോർമൽ അറസ്റ്റ് രേഖപ്പെടുത്തും. തുടർന്ന് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും. രണ്ടര പവന്റെ സ്വർണ മാല കണ്ടെടുക്കേണ്ടതുണ്ട്. പോലീസിന്റെ ജാഗ്രത കുറവാണ് പ്രതികളെ കണ്ടെത്താൻ വൈകിയത്.
അതേസമയം കറുകച്ചാലിൽ അന്വേഷണം വേഗത്തിലായിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. കറുകച്ചാലിൽ പുതിയ എസ് ഐ ടി.എസ്.ജയകൃഷ്ണൻ ചാർജെടുത്ത ശേഷം ലഭിക്കുന്ന ആദ്യത്തെ കേസ്.
ആദ്യം തന്നെ സി സി ടി വി ദൃശ്യങ്ങൾ ശേഖരിക്കുന്നതിൽ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. വയോധികനും പ്രതികളും ചേർന്നുള്ള ദൃശ്യങ്ങൾ കിട്ടിയതോടെ പോലീസിന് ആശ്വാസമായി. പക്ഷേ ഇവർ ആരാണ്? എവിടത്തുകാരാണ് എന്നുള്ളതിൽ ഒരു സൂചനയും ഇല്ലായിരുന്നു. പ്രതികളുടെ ദൃശ്യങ്ങൾ കാട്ടി പലയിടത്തും പോലീസ് അലഞ്ഞു. ഓട്ടോ ഡ്രൈവർമാർ ,ടാക്സി ഡ്രൈവർമാർ തുടങ്ങി പല മേഖലകളിലുളളവരെ ചിത്രങ്ങൾ കാണിച്ചു.
അങ്ങനെ ഇരുട്ടിൽ തപ്പി നിൽക്കുമ്പോഴാണ് പ്രതികളെ സംബന്ധിച്ച ചില സൂചനകൾ ലഭിച്ചത്. ഒരാളെ കിട്ടിയതോടെ മറ്റ് രണ്ടു പേരെയും വേഗം കുടുക്കാനായി. കറുകച്ചാൽ പോലീസിന്റെ അന്വേഷണ മികവിനെ ഉന്നത പോലീസ് അധികാരികൾ പ്രശംസിച്ചു. 24 മണിക്കൂറിനുള്ളിൽ തന്നെ കേസിന് തുമ്പുണ്ടാക്കാൻ പോലീസിന് കഴിഞ്ഞിരുന്നു.






