പാലാ: നഗരസഭയുടെ മെറ്റീരിയല്‍ കളക്ഷൻ ഫെസിലിറ്റി(എം.സി.എഫ്) പരിസരത്ത് പെരുമ്പാമ്പിനെ പിടികൂടിയ സംഭവത്തെ തുടർന്ന് കെട്ടിക്കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മൂന്ന് ദിവസത്തിനുള്ളില്‍ നീക്കുമെന്ന് പാലാ നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ രജിത പ്രകാശ് പറഞ്ഞു.
ദിവസേന പ്ലാസ്റ്റിക് മാലിന്യം കൊണ്ടുപോകുന്നതിനായി പുതിയ ഏജൻസിയെ നിയോഗിക്കുന്ന കാര്യത്തില്‍ എത്രയും വേഗം തീരുമാനമെടുക്കും. എം.സി.എഫ്. പരിസരത്ത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂടിക്കിടക്കുന്ന കാര്യം ഇന്നലെ 'കേരള കൗമുദി' റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് തുടർനടപടികള്‍ വിശദീകരിച്ചുകൊണ്ട് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ പ്രതികരിച്ചത്.
നഗരസഭ ചെയർപേഴ്സണുമായും ബന്ധപ്പെട്ട കൗണ്‍സിലർമാരുമായും ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ടെന്നും, മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്ന നിലവിലെ സ്ഥിതി പരിഹരിക്കാൻ നടപടികള്‍ സ്വീകരിക്കുമെന്നും രജിത പ്രകാശ് പറഞ്ഞു.






