തൃശൂർ: തൃശൂരിൽ ഭാരതപ്പുഴയിൽ കുളിപ്പിക്കാൻ എത്തിച്ച കുതിര കുതറിമാറി സംസ്ഥാന പാതയിലൂടെ മൂന്നു കിലോമീറ്ററോളം ഓടിയത് പരിഭ്രാന്തി പരത്തി.
നെടുമ്പര സ്വദേശിയുടെ കുതിരയാണ് തൃശൂർ - ഷൊർണൂർ സംസ്ഥാന പാതയിലെ ചെറുതുരുത്തി സെന്ററിലൂടെ ഓടി ജനങ്ങളെ ഭീതിയിലാക്കിയത്. ചെറുതുരുത്തി കൊച്ചി പാലം മുതൽ ഉടമയുടെ സ്ഥലമായ നെടുമ്പര വരെയാണ് കുതിര ഓടിയത്.
ജനങ്ങളുടെയും വാഹനങ്ങളുടെയും ഇടയിലൂടെ അതിവേഗത്തിൽ ഓടിയ കുതിരയുടെ പരാക്രമത്തിൽ ഇരുചക്ര വാഹന യാത്രികനായ ആറ്റൂർ മനപ്പടി നരവം കുന്നത്ത് വീട്ടിൽ രതീഷിന് (35) പരുക്കേറ്റു.
റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയ്ക്ക് കേടുപാടുകൾ സംഭവിച്ചു. ചേലക്കര പങ്ങാരപ്പിള്ളി സ്വദേശി മോഹനന്റേതാണ് ഓട്ടോറിക്ഷ. കുതിരയുടെ വരവ് കണ്ട് യാത്രക്കാർ പലരും വാഹനങ്ങൾ ഒതുക്കി നിർത്തിയത് അപകടം ഒഴിവാക്കി.






