കൊച്ചി: 17 കാരൻ ഓടിച്ച ബെൻസ് ഇടിച്ച് ചേരാനല്ലൂരില്‍ കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വീട്ടിലെത്തി.
കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച പിണറായി, ജയബാലകൃഷ്ണന്റെ കുടുംബത്തിന് നീതി ലഭിച്ചില്ലെന്നും അഭിപ്രായപ്പെട്ടു.
സ്വാധീനമുള്ളവർക്കും പണമുള്ളവർക്കും എന്തുമാകാം എന്ന നിലപാട് അംഗീകരിക്കാനാവില്ല. അർഹമായ ശിക്ഷ കുറ്റവാളിക്ക് ലഭിക്കണം.
കുടുബത്തോടൊപ്പം സമുഹം ആകെയുണ്ടെന്നും പിണറായി ഉറപ്പ് നല്കി. ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും സഭയില്‍ പറഞ്ഞത് പോലെയുള്ള നടപടികള്‍ ഉണ്ടായില്ല എന്നാണ് കുടുംബം പറയുന്നത് എന്നും പിണറായി ചൂണ്ടിക്കാട്ടി.
അതേസമയം ജയബാലകൃഷ്ണന്റെ മകള്‍ ഭദ്രകീർത്തി പ്രോസിക്യൂഷൻ അഭിഭാഷകനെ മാറ്റണമെന്ന ആവശ്യം പ്രതിപക്ഷ നേതാവിനോടും ഉന്നയിച്ചു.
പ്രോസിക്യൂഷനില്‍ വിശ്വാസം നഷ്ടപ്പെട്ടെന്നും ജയബാലകൃഷ്ണന്റെ മകള്‍ വ്യക്തമാക്കി. കേസ് ഓരോ തവണയും കോടതി പരിഗണിക്കുമ്പോഴും പ്രതീക്ഷയുടെ ഗ്രാഫ് താഴുകയാണെന്നും ഭദ്ര കൂട്ടിച്ചേർത്തു.






