കൊച്ചി: സി.എം.ആർ.എല്‍ മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട ഇ.ഡിയുടെ കത്തില്‍ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ട സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നല്കിയ ഹർജിയെ അനുകൂലിച്ച് സംസ്ഥാന സർക്കാർ ഹൈക്കോടതിയില്‍ നിലപാടെടുത്തു.
ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നേരിട്ട് കേസെടുക്കാൻ തക്കവിധമുള്ള മതിയായ തെളിവുകള്‍ ഉണ്ടായിരുന്നില്ലെന്നും, ചില ഡയറി രേഖകള്‍ മാത്രമാണ് ലഭിച്ചതെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഇക്കാരണത്താലാണ് പ്രാഥമികാന്വേഷണം നടത്താൻ സർക്കാർ മുൻപ് ഉത്തരവിട്ടിരുന്നതെന്നും കോടതിയില്‍ വ്യക്തമാക്കി.
എന്നാല്‍, തെളിവുകളുണ്ടെങ്കില്‍ പിണറായി വിജയനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതില്‍ എന്താണ് പ്രശ്നമെന്ന ചോദ്യം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വീണ്ടും ആവർത്തിച്ചു. സിംഗിള്‍ ബെഞ്ചിന്റെ പ്രത്യേക ഉത്തരവ് ഇല്ലെങ്കില്‍പ്പോലും പോലീസിനോ വിജിലൻസിനോ ലഭിച്ച വിവരങ്ങളില്‍ പ്രഥമദൃഷ്ട്യാ കേസെടുക്കാമല്ലോ എന്നും കോടതി ചോദിച്ചു.
എന്നാല്‍, ഇ.ഡി കൈമാറിയ തെളിവുകള്‍ നേരിട്ട് എഫ്.ഐ.ആർ ഇടാൻ തൃപ്തികരമല്ലായിരുന്നുവെന്നും വിശദമായ പ്രാഥമികാന്വേഷണമാണ് അവിടെ ആവശ്യമായിരുന്നതെന്നും സർക്കാർ വിശദീകരിച്ചു.
അതേസമയം, പിണറായി വിജയൻ അടക്കമുള്ള പ്രതികള്‍ സമർപ്പിച്ച അപ്പീല്‍ ഹർജികളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ശക്തമായി എതിർത്തു. അഴിമതി അന്വേഷണത്തിന് ഉത്തരവിട്ട സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ കുറ്റാരോപിതർക്ക് എങ്ങനെ അപ്പീല്‍ നല്കാൻ കഴിയുമെന്നാണ് ഇ.ഡി കോടതിയില്‍ ചോദിച്ചത്. ഹർജികളില്‍ കോടതിയില്‍ വിശദമായ വാദം തുടരുകയാണ്.
ഇതിനിടെ, പിണറായി വിജയനും മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ രജിസ്റ്റർ ചെയ്ത രണ്ട് വിജിലൻസ് കേസുകള്‍ അന്വേഷിക്കാൻ സർക്കാർ രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങളെ (SIT) നിയോഗിക്കാൻ തീരുമാനിച്ചു. ഇ.ഡിയുടെ കണ്ടെത്തലുകള്‍ പ്രകാരം രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളിലുണ്ടായ സാമ്പത്തിക ഇടപാടുകളായതിനാലാണ് രണ്ട് പ്രത്യേക എഫ്.ഐ.ആറുകള്‍ രജിസ്റ്റർ ചെയ്തതും പ്രത്യേക സംഘങ്ങളെ വെക്കുന്നതും.
രണ്ട് എസ്.പിമാരുടെ നേതൃത്വത്തിലാകും അന്വേഷണം. എന്നാല്‍ വിജിലൻസിലെ പ്രധാനപ്പെട്ട മൂന്ന് എസ്.പി തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതും നിലവിലെ പല എസ്.പിമാരും വിരമിക്കലിന്റെ വക്കിലായതും കാരണം എസ്.ഐ.ടിയുടെ കാര്യത്തില്‍ അന്തിമ ഉത്തരവിറങ്ങിയിട്ടില്ല. പുതിയ എസ്.പിമാരെ നിയമിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കുന്ന മുറയ്ക്ക് അന്വേഷണസംഘത്തെ ഔദ്യോഗികമായി പ്രഖ്യാപിക്കും.






