തിരുവനന്തപുരം: കയ്യിൽ പൈസ ഉണ്ടെങ്കിൽ ആർക്കും കുടിച്ച് ലക്ക് കെട്ട്
എന്ത് തോന്നിവാസവും നടത്താമെന്ന് വിചാരിക്കേണ്ട. കേരളത്തിൽ മദ്യം വാങ്ങുന്നതിനും വിൽക്കുന്നതിനും കുടിക്കുന്നതിനും പ്രത്യേകം നിയമങ്ങളുണ്ട്.
മദ്യം വാങ്ങാനുള്ള നിയമപരമായ പ്രായപരിധി 23 വയസ്സ് ആയി നിശ്ചയിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും ഇതു കർശനമായി പാലിക്കപ്പെടാത്തതാണ് അപകടങ്ങൾക്കുകാരണമാകുന്നത്.
കേരള അബ്കാരി നിയമത്തിലെ 15എ, 15ബി, 56ബി തുടങ്ങിയ വകുപ്പുകളാണ് ഇതിനെതിരെ വിഭാവനം ചെയ്തിരിക്കുന്നത്.
15 ബി വകുപ്പു പ്രകാരമാണ് പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത്.
23 വയസ്സിൽ താഴെ പ്രായമുള്ളവർക്ക് മദ്യം നൽകുന്നതു നിരോധിക്കുന്നതാണ് ഈ വകുപ്പ്.
സ്ഥാപനങ്ങൾ ഇത്തരത്തിൽ പ്രായപരിധിയില്ലാത്തവർക്ക് മദ്യം വിൽക്കാൻ പാടില്ലെന്ന് ലൈസൻസ് നൽകുമ്പോൾ തന്നെ വ്യക്തമാക്കുന്നതാണ്.
ഇതു ലംഘിക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കാൻ എക്സൈസ് കമ്മിഷണർക്ക് അധികാരമുണ്ട്.
ഈ നിബന്ധന ലംഘിക്കുന്നവർക്ക് രണ്ടു വർഷം വരെ തടവും 5000 രൂപ പിഴയും ശിക്ഷ ലഭിക്കാം.
ഇതിനു പുറമേ സെക്ഷൻ 56 ബി പ്രകാരം ആറു മാസം വരെ തടവും 25000 രൂപ പിഴയും ഇവർക്കു ശിക്ഷ നൽകാം.
അബ്കാരി നിയമം 15 എ പ്രകാരം 23 വയസ്സിൽ താഴെയുള്ളവർ മദ്യം ഉപയോഗിക്കുന്നതും കുറ്റകരമാണ്.
ഇവർക്ക് രണ്ടു വർഷം വരെ തടവും 5000 രൂപ പിഴയും ശിക്ഷ നൽകാനുള്ള വ്യവസ്ഥയുണ്ട്.
എന്നാൽ നിയമത്തിലെ 67ാം വകുപ്പ് പ്രകാരം ഭൂരിപക്ഷം കേസുകളിലും പിഴ മാത്രം ഈടാക്കി (കോംപൗണ്ടിങ്) വിട്ടയയ്ക്കുകയാണ് ചെയ്യുന്നത്.
1996ൽ ചാരായനിരോധനം നടപ്പാക്കിയതിനു പിന്നാലെ 1997ൽ കോംപൗണ്ടിങ് നിർത്തലാക്കിയിരുന്നു.
എന്നാൽ പല കേസുകളും നീണ്ടുപോകുകയും ശിക്ഷിക്കപ്പെടാതെ വരികയും കേസുകൾ
കെട്ടിക്കിടക്കുകയും ചെയ്തതോടെയാണ് വീണ്ടും കോംപൗണ്ടിങ് സംവിധാനത്തിൽ പിഴ ഈടാക്കി നടപടി അവസാനിപ്പിക്കുന്ന നില തിരിച്ചെത്തിയത്.






