തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരായ മാസപ്പടി കേസില് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ ഡി) വൻ നീക്കങ്ങള്.
പിണറായിയുടെ ചോദ്യം ചെയ്യലിന് ഉന്നത ഉദ്യോഗസ്ഥരെത്താനാണ് നീക്കം. ഇ ഡിയുടെ സ്പെഷ്യല് ഡയറക്ടറക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ ദില്ലിയില് നിന്ന് കൊച്ചിയില് എത്തിയാകും ചോദ്യം ചെയ്യല്. അതിവേഗത്തില് അതീവ ശ്രദ്ധയോടെയാണ് ഇ ഡി കാര്യങ്ങള് മുന്നോട്ട് കൊണ്ടുപോകുന്നത്. ഇതിന്റെ ഭാഗമായാണ് പിണറായിയുടെ വീട്ടില് സമൻസ് പതിപ്പിച്ചത്. തപാലില് സമൻസ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുകയാണ് നേരിട്ട് വീട്ടിലെത്തി നോട്ടീസ് പതിപ്പിച്ചത്. കൈപ്പറ്റിയില്ലെന്നും കിട്ടിയിട്ടില്ലെന്നും പറഞ്ഞ് ഒഴിയാതിരിക്കാനാണ് വീട്ടില് സമൻസ് പതിപ്പിച്ചത്. മ്യൂസിയം പൊലിസിനെ വിളിച്ചുവരുത്തിയാണ് നോട്ടീസ് ഒട്ടിച്ചത്. വീട്ടിലെ ചുമരില് സമൻസ് പതിപ്പിച്ചതില് അസ്വാഭാവികതയില്ലെന്നും ഇ ഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അസ്വാഭാവികതയില്ലെന്ന് ഇ ഡി
ഇന്നലെ മെയിലില് നോട്ടീസ് അയച്ചിരുന്നുവെന്നും എന്നാല് ഇത് സ്വീകരിച്ചു കൊണ്ടുള്ള മറുപടി പ്രതികരണം പിണറായിയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും ഇ ഡി വ്യക്തമാക്കി. നോട്ടീസ് കൈപ്പറ്റിയെന്ന മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് വീട്ടില് നോട്ടിസ് പതിച്ചതെന്നും ഉദ്യോഗസ്ഥർ വിവരിച്ചു. പി എം എല് എ പ്രകാരം നോട്ടീസ് ഏറ്റെടുക്കാൻ വിസമ്മതിച്ചാല് താമസ സ്ഥലത്ത് പതിപ്പിക്കാം. ഇത് നിയമ പ്രകാരം ഉള്ള നടപടിയാണെന്നും ഇ ഡി ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ചുമരില് നോട്ടീസ് ഒട്ടിച്ചതില് അസ്വാഭാവികതയില്ലെന്നും നിയമപ്രകാരം ആരും സ്വീകരിക്കാത്തതിനാനാണ് അങ്ങനെ വേണ്ടിവന്നതെന്നും ഇ ഡി വിശദീകരിച്ചു.
അതേസമയം ഇന്ന് രാവിലെയാണ് പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള സ്വകാര്യ വസതിയിലെത്തി ഇ ഡി ഉദ്യോഗസ്ഥർ സമൻസ് ചുവരില് പതിപ്പിച്ചത്. വരുന്ന വെള്ളിയാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാണ് സമൻസിലെ നിർദേശം. ഇ ഡി സംഘം എത്തുമ്പോള് പിണറായിയും ഭാര്യയും മകളും വീട്ടില് ഉണ്ടായിരുന്നില്ല. പിണറായി കണ്ണൂരിലാണുള്ളത്. സമൻസ് തപാല് മാർഗ്ഗം ലഭിക്കുമെന്ന് കരുതിയിരുന്ന സ്ഥാനത്താണ് ഉദ്യോഗസ്ഥർ നേരിട്ടെത്തി ചുമരില് പതിപ്പിച്ചത്. സംഭവം അറിഞ്ഞതിനെ തുടർന്ന് മുൻ മന്ത്രി വി ശിവൻകുട്ടി അടക്കമുള്ള മുതിർന്ന സി പി എം നേതാക്കള് പ്രതിപക്ഷ നേതാവിന്റെ വീട്ടിലെത്തിയിട്ടുണ്ട്.
വെള്ളിയാഴ്ച ഹാജരായേക്കില്ല
അതേസമയം ഇ ഡി സമൻസ് ലഭിച്ചെങ്കിലും പിണറായി വിജയൻ വെള്ളിയാഴ്ച ഹാജരായേക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. നിയമസഭാ സമ്മേളനവും സുപ്രീംകോടതിയിലെ കേസും ചൂണ്ടിക്കാട്ടി ഹാജരാകാനാകില്ലെന്ന് ഇ ഡിക്ക് മറുപടി നല്കിയേക്കും. ഇതിനിടയില് സുപ്രീംകോടതി സ്റ്റേ അനുവദിച്ചാല് ഇ ഡിക്ക് മുമ്പില് ഉടൻ ഹാജരാകേണ്ടി വരില്ലെന്ന് കണക്കാക്കിയാണ് നീക്കം. പിണറായിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനാണ് ഈഘട്ടത്തില് ഇ ഡിയുടെ ഊന്നല്.






