തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ സി.എം.ആര്.എല്‍ - എക്സാലോജിക് മാസപ്പടി വിവാദത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുന്‍ മന്ത്രി പി.എ.
മുഹമ്മദ് റിയാസിനും എതിരെ വിജിലന്‍സ് ഇരട്ട എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത് വലിയ കോലാഹലത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. ഇനി ഇഡിയ്ക്കും കേസെടുക്കാം. കേസിലെ ഹൈക്കോടതി നടപടികള്‍ ഇഡി വീക്ഷിക്കുന്നുണ്ട്. ഹൈക്കോടതിയുടെ നിലപാട് അറിഞ്ഞാല്‍ കേന്ദ്ര ഏജന്‍സി തിരുവനന്തപുരത്ത് എത്തും.
അഴിമതി നിരോധന നിയമപ്രകാരം പിണറായി വിജയനെ ഒന്നാം പ്രതിയാക്കിയും മകള്‍ വീണ ടി.യെ രണ്ടാം പ്രതിയാക്കിയും ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍, കുഴല്‍പ്പണ ഇടപാടുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസില്‍ മുഹമ്മദ് റിയാസ് ഒന്നാം പ്രതിയും വീണ രണ്ടാം പ്രതിയുമാണ്. വിജിലന്‍സ് സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ്-1 രജിസ്റ്റര്‍ ചെയ്ത ഈ കേസുകള്‍ കേരള രാഷ്ട്രീയത്തിലെ സമവായങ്ങളെ പൂര്‍ണ്ണമായും മാറ്റിമറിക്കുന്നതാണ്. ഇഡി കേസെടുത്താല്‍ അത് പിണറായിയ്ക്ക് വലിയ കുരുക്കായി മാറും.
ഈ ഗുരുതരമായ നിയമനടപടികള്‍ക്ക് പിന്നാലെ, ഇ.ഡി. കത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ ഉത്തരവിട്ട സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയനും വീണ വിജയനും മുഹമ്മദ് റിയാസും നല്കിയ അപ്പീല്‍ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയുടെ പരിഗണനയിലാണ്. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടതെന്നും മുഖ്യമന്ത്രി എന്ന നിലയില്‍ സി.എം.ആര്.എല്ലിന് യാതൊരു സഹായവും ചെയ്തിട്ടില്ലെന്നുമാണ് പിണറായിയുടെ പ്രധാന വാദം. എന്നാല്‍, തെളിവുകളും വിവരങ്ങളുമുണ്ടെങ്കില്‍ എഫ്.ഐ.ആര് ഇടാന്‍ പ്രതികളെ കേള്‍ക്കേണ്ടതുണ്ടോ എന്നായിരുന്നു ഡിവിഷന് ബെഞ്ച് ഇന്നലെ കടുത്ത നിരീക്ഷണം നടത്തിയ ചോദ്യം.
സിംഗിള്‍ ബെഞ്ച് കേസില്‍ പിണറായി അടക്കമുള്ളവര്‍ എതിര്കക്ഷിയല്ലാത്തതിനാല് അപ്പീല്‍ നല്കണമെങ്കില് കോടതിയുടെ പ്രത്യേക അനുമതി ആവശ്യമാണെന്ന് ഹൈക്കോടതി ഇന്നലെ വ്യക്തമാക്കുകയുണ്ടായി. ഇതേത്തുടര്‍ന്ന് നല്കിയ പുതിയ അനുമതി അപേക്ഷയാണ് ഇന്ന് കോടതി പരിഗണിക്കുന്നത്. പിണറായി വിജയനും കുടുംബത്തിനും എതിരെയുള്ള ഈ കേസില്‍ ഹൈക്കോടതി സ്വീകരിക്കുന്ന നിലപാട് കേരള രാഷ്ട്രീയത്തില്‍ അതിനിര്‍ണായകമാകും. അപ്പീല്‍ നിലനില്‍ക്കില്ലെന്നും പിണറായി അടക്കമുള്ളവര്‍ക്കെതിരെ ഇതിനകം വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞുവെന്നും സര്‍ക്കാര്‍ കോടതിയെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
ആദ്യത്തെ കേസിന്റെ വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍, 2016 മുതല്‍ 2020 വരെയുള്ള കാലയളവില്‍ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനും മകള്‍ വീണയും സി.എം.ആര്.എല്‍ എം.ഡി. എസ്.എന്‍. ശശിധരന് കര്‍ത്തയുമായി ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നാണ് എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് തനിക്കും മകള്‍ക്കും കമ്പനിക്കും സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ പിണറായി പ്രവര്‍ത്തിച്ചു. ഐ.ടി കണ്‍സള്‍ട്ടന്‍സിയുടെയും മാര്‍ക്കറ്റിംഗ് സേവനങ്ങളുടെയും പേരില്‍ 3.28 കോടി രൂപയാണ് വീണയുടെയും എക്സാലോജിക്കിന്റെയും അക്കൗണ്ടുകളിലേക്ക് നല്‍കിയത്. എന്നാല്‍, യാതൊരുവിധ സേവനങ്ങളും നല്‍കാതെ ഈ പണം പിണറായിക്കുള്ള അനധികൃത പ്രതിഫലമായി കൈപ്പറ്റുകയായിരുന്നു എന്നാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്.
രണ്ടാമത്തെ കേസ് മുഹമ്മദ് റിയാസ് മന്ത്രിയായിരിക്കെ ഈ അഴിമതിപ്പണം വിദേശത്തേക്ക് കടത്തിയെന്ന ഗുരുതര കണ്ടെത്തലിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വീണയുടെ വസതിയില്‍ നിന്ന് ഇ.ഡി. പിടിച്ചെടുത്ത കൈപ്പടയിലുള്ള കുറിപ്പുകളില്‍ കോടികളുടെ കണക്കുകളും ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളുമുണ്ട്. ദുബായ് കേന്ദ്രീകരിച്ചുള്ള ഗാര്‍മെന്റ് കയറ്റുമതി ബിസിനസിന്റെ മറവില്‍ ഹവാല വഴി വിദേശത്തേക്ക് വന്‍തോതില്‍ പണം കടത്തിയെന്നാണ് ആരോപണം. ഇതിനായി യു.എ.ഇയിലുള്ളവരുടെ സഹായം തേടിയെന്നും, റിയാസിന്റെ സുഹൃത്തുക്കളായ ഷൈജല്‍ മുഹമ്മദ്, പി. നിഖില്‍, ഫൈജാസ് വി.പി തുടങ്ങിയവര്‍ ഇതില്‍ പങ്കാളികളാണെന്നും എഫ്.ഐ.ആര് വ്യക്തമാക്കുന്നു.
ഇ.ഡി. റിപ്പോര്‍ട്ടും ഹൈക്കോടതി ഉത്തരവും സമഗ്രമായി പരിശോധിച്ച ശേഷമാണ് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം രണ്ട് കാലഘട്ടങ്ങളിലുണ്ടായ സംഭവങ്ങളില്‍ രണ്ട് കേസെടുക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. അഴിമതി തടയല്‍ നിയമപ്രകാരം അനധികൃത സ്വത്തു സമ്പാദം, സര്‍ക്കാര്‍ പദവി ദുരുപയോഗം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കേന്ദ്രീകരിച്ചുള്ള അന്വേഷണം ആയതിനാല്‍ രണ്ട് പ്രത്യേക എസ്ഐടികളെ (പ്രത്യേക അന്വേഷണ സംഘം) നിയോഗിക്കാനും വിജിലന്‍സ് തീരുമാനിച്ചിട്ടുണ്ട്.
ഈ നിയമപോരാട്ടം സിപിഎമ്മിനെയും പിണറായി വിജയനെയും പ്രതിരോധത്തിലാക്കുന്നതോടൊപ്പം, പ്രതിപക്ഷ നിരയിലും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പ്രമുഖ വ്യക്തിത്വത്തിനെതിരെയും കുടുംബത്തിനെതിരെയും അന്വേഷണ ഏജന്‍സികള്‍ നീങ്ങുന്നത് ഭരണ-പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ കടുത്ത രാഷ്ട്രീയ പോരിനാണ് കളമൊരുക്കുന്നത്. ഹൈക്കോടതി ഇന്ന് പുറപ്പെടുവിക്കുന്ന ഇടക്കാല ഉത്തരവുകളോ നിരീക്ഷണങ്ങളോ ആയിരിക്കും ഈ കേസുകളുടെ ഭാവി ഗതിയെ നിര്‍ണ്ണയിക്കുക.






