തൃശൂർ: സംസ്ഥാന സ്കൂള്‍ ഗെയിംസിന്റെ ഭാഗമായുള്ള നീന്തല്‍ മത്സരം നടക്കുന്നതിനിടെ അക്വാട്ടിക് കോംപ്ലക്സ് ഗ്യാലറിയിലെ ഷീറ്റുകള്‍ ഇളകി വീണ സംഭവത്തില്‍ പൊലീസ് കേസെടുത്തു.
താത്കാലിക പന്തല്‍ നിർമിച്ചതില്‍ ഗുരുതര വീഴ്ചയുണ്ടായെന്നാണ് എഫ്ഐആറില്‍ പറയുന്നത്. പന്തല്‍ നിർമാണത്തില്‍ അപാകതയുണ്ട്. നട്ടും ബോള്‍ട്ടുമൊന്നും ഉപയോഗിച്ച് ഷീറ്റുകള്‍ ഉറപ്പിച്ചിരുന്നില്ലെന്നും എഫ്ഐആറില്‍ ചൂണ്ടിക്കാട്ടുന്നു. എഫ്ഐആറില്‍ നിലവില്‍ ആരെയും പ്രതി ചേർത്തിട്ടില്ല. അപകടം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തിരിക്കുന്നത്.
അപകടത്തില്‍ വിദ്യാർത്ഥികളടക്കം അഞ്ചുപേർക്ക് പരിക്കേറ്റിരുന്നു. അശ്വിനി ജംഗ്ഷനിലെ അക്വാട്ടിക് കോംപ്ലക്സ് ഗ്യാലറിക്ക് മുകളില്‍ താത്കാലികമായി സ്ഥാപിച്ച അലുമിനിയം ഷീറ്റുകളാണ് ശക്തമായ കാറ്റിലും മഴയിലും ഇളകിവീണത്. ഒക്ടോബർ ഒന്നിന് വൈകിട്ട് 6.30നായിരുന്നു സംഭവം.
വിദ്യാർത്ഥികളും മാതാപിതാക്കളുമടക്കം ആ സമയം ഗ്യാലറിയിലുണ്ടായിരുന്നു. പരിക്കേറ്റവരെ ഉടൻ തൃശൂർ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മത്സരം കാണാനെത്തിയ സെന്റ് മേരീസ് കോളേജിലെ നീന്തല്‍താരം കൂടിയായ ദേവിക (18), തിരുവനന്തപുരം സ്വദേശികളായ ഋഷികേശ് എസ്.സദൻ (17), അഭിനവ് അജിക്ക് (17), ശ്രീഹരി ശ്രീജിത്ത് (17), പ്രിയ (42) എന്നിവർക്കാണ് പരിക്കേറ്റത്. ദേവികയുടെ തലയ്ക്ക് അഞ്ച് തുന്നലിടേണ്ടിവന്നിരുന്നു. കായികമേളയില്‍ 50 മീറ്റർ ഫ്രീസ്റ്റെെലില്‍ മത്സരിക്കേണ്ട ശ്രീഹരി എന്ന വിദ്യാർത്ഥിക്ക് കാല് വിരലിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.






