കോട്ടയം: മുൻ അഡീഷണല്‍ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ (67) അന്തരിച്ചു.
കോട്ടയം പാമ്പാടി സ്വദേശിയായ അദ്ദേഹം തിരുവനന്തപുരം മുട്ടടയിലായിരുന്നു താമസം. സംസ്കാരം ശനിയാഴ്ച ജന്മനാടായ പാമ്പാടിയില്‍ നടക്കും.
രസതന്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം ബെംഗളൂരുവിലെ പ്രശസ്തമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസില്‍ ഗവേഷണം നടത്തിവരുമ്പോഴാണ് അദ്ദേഹം സിവില്‍ സർവീസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. റവന്യൂ, വ്യവസായം, ഐ.ടി, ജലവിഭവം എന്നീ സുപ്രധാന വകുപ്പുകളില്‍ പ്രിൻസിപ്പല്‍ സെക്രട്ടറിയായും അഡീഷണല്‍ ചീഫ് സെക്രട്ടറിയായും മികച്ച സേവനം അനുഷ്ഠിച്ചു. കേരളം നേരിട്ട ദുരന്തങ്ങളായ ഓഖി ചുഴലിക്കാറ്റ്, 2018-ലെ മഹാപ്രളയം എന്നിവയുടെ സമയത്ത് റവന്യൂ സെക്രട്ടറി എന്ന നിലയില്‍ ദുരന്തനിവാരണ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ അദ്ദേഹം നിർണായക പങ്കുവഹിച്ചിരുന്നു.
കേന്ദ്ര സർവീസിലും ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച വ്യക്തിത്വമാണ് പി.എച്ച്. കുര്യൻ്റേത്. 2009 മുതല്‍ 2012 വരെ കേന്ദ്ര സർക്കാരിന് കീഴില്‍ ഇന്ത്യയുടെ 'കണ്ട്രോളർ ജനറല്‍ ഓഫ് പേറ്റന്റ്സ്, ഡിസൈൻസ് ആൻഡ് ട്രേഡ് മാർക്ക്സ്' ആയി അദ്ദേഹം സേവനമനുഷ്ഠിച്ചു. ക്യാൻസർ മരുന്നുകളുടെ വില കുറയ്ക്കാൻ അന്താരാഷ്ട്ര ഫാർമസ്യൂട്ടിക്കല്‍ കമ്പനികള്‍ക്കെതിരെ അദ്ദേഹം കൈക്കൊണ്ട 'നിർബന്ധിത ലൈസൻസ്' നടപടിയും ജനറിക് മരുന്നുകളുടെ നിർമ്മാണത്തിന് അനുമതി നല്കിയതും അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു.
ഔദ്യോഗിക ജീവിതത്തിന് ശേഷവും പൊതുരംഗത്ത് സജീവമായിരുന്ന അദ്ദേഹം കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ ആദ്യ ചെയർമാനായി ചുമതല വഹിച്ചു. സംസ്ഥാന ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.






