കൊച്ചി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ (89) നിര്യാതനായി. കൊച്ചിയിലെ ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു മരണം.
വെള്ളിയാഴ്ച രാത്രി 9.44നാണ് മരണം സംഭവിച്ചത്. കോതമംഗലം മാതിരപ്പിള്ളിയിലെ അമ്പാട്ട് കുന്നേല്‍ തറവാട് സ്വദേശിയായിരുന്നു ശാന്തകുമാരൻ നായർ. നിലവില്‍ മൃതദേഹം ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിദേശത്തുള്ള ബന്ധുക്കള്‍ എത്തിയ ശേഷം ഞായറാഴ്ച കോതമംഗലത്തെ കുടുംബവീട്ടിലേക്ക് മൃതദേഹം എത്തിക്കും.
ഞായറാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെ തറവാട്ടുവീട്ടില്‍ പൊതുദർശനത്തിന് സൗകര്യമൊരുക്കും. തുടർന്ന് വൈകിട്ട് നാലുമണിയോടെ സംസ്കാരച്ചടങ്ങുകള്‍ നടക്കും.
ടി.എൻ. സാവിത്രിദേവിയാണ് ഭാര്യ. ദീപുശാന്ത്, നിവേദിത, ദിവ്യ, ക്രിക്കറ്റ് താരം ശ്രീശാന്ത് എന്നിവർ മക്കളാണ്. കല്‍പ്പന, ക്യാപ്ടൻ സജിത്ത്, മധു ബാലകൃഷ്ണൻ, ദുവനേശ്വരി എന്നിവർ മരുമക്കളാണ്.






