കോട്ടയം: കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റും കുട്ടികളുടെ ലൈബ്രറി ചെയർമാനുമായ ചന്തക്കടവ് ചക്കാലയിൽ പരേതരായ എബ്രഹാമിൻ്റെയും മേരികുട്ടിയുടെയും മകൻ എബ്രഹാം ഇട്ടിച്ചെറിയ (88) നിര്യാതനായി.
അരനൂറ്റാണ്ടായി കോട്ടയത്തെ സാമൂഹ്യ സാംസ്കാരിക കായിക മേഖലകളിൽ സജീവ സാന്നിദ്ധ്യമായിരുന്നു. 1982 മുതൽ കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റാണ്.
കോട്ടയം വൈ.എം.സി.എ, രാമവർമ്മ യൂണിയൻ ക്ലബ്ബ് എന്നിവയുടെ മുൻ പ്രസിഡന്റായിരുന്നു. കോട്ടയത്തെ പബ്ലിക് ലൈബ്രറിയെ മുൻനിരയിൽ നിന്ന് നയിച്ച വ്യക്തിയാണ്. ദീർഘവീക്ഷണമുള്ള നേതൃപാടവത്തിലൂടെ കോട്ടയം പബ്ലിക് ലൈബ്രറിയെ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച സാംസ്കാരിക കേന്ദ്രങ്ങളിലൊന്നാക്കി മാറ്റി.
കോട്ടയം എം.ടി ഹൈസ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. കോട്ടയം സി.എം.എസ് കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദവും തുടർന്ന് മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും (എം.എ) ഡൽഹി സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.
ഏബ്രഹാം ഇട്ടിച്ചെറിയയുടെ നേതൃത്വകാലത്ത്, ലൈബ്രറി അങ്കണത്തിൽ കെ.പി.എസ് മേനോൻ ഹാൾ, അക്ഷരശില്പം, ആർട്ട് ഗാലറി, കോൺഫറൻസ് ഹാൾ തുടങ്ങിയവ നിർമ്മിക്കപ്പെട്ടു.
ലൈബ്രറിയുടെ പ്രവർത്തനങ്ങൾ ആധുനിക കാലത്തിനനുസൃതമായി ഡിജിറ്റൈസ് ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പുസ്തക വിതരണത്തിനപ്പുറം നിരവധി കലാ, സാംസ്കാരിക, സാഹിത്യ പരിപാടികൾക്ക് ലൈബ്രറി വേദിയാകുന്നതിന് നേതൃത്വം നൽകി.
വിവിധ സാംസ്കാരിക പ്രമുഖരും ഗ്രന്ഥശാലാ പ്രവർത്തകരും അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചിച്ചു.
ഭാര്യ: ആനി ലില്ലി. മക്കൾ: എബ്രഹാം ചക്കാലയിൽ, അനീറ്റ തോമസ്, ബിനീറ്റ വർഗീസ്, ആനി എബ്രഹാം. സംസ്കാരം പിന്നീട്.






