തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹിക സുരക്ഷ, ക്ഷേമനിധി പെൻഷനുകള്‍ കൈപ്പറ്റുന്ന 6,29,718 പേർ മസ്റ്ററിങ് നടത്തിയില്ല.
മസ്റ്ററിങ് പൂർത്തിയാക്കാനുള്ള സമയ പരിധി അവസാനിച്ചപ്പോഴാണ് ഇത്രയും പേർ ബാക്കിയായത്. മസ്റ്ററിങ് നടത്താത്തവർക്ക് നവംബർ മുതല്‍ പെൻഷൻ വേണ്ടെന്നാണ് നേരത്തേ നല്കിയ നിർദേശം. ഇത്രയും പേർക്ക് പെൻഷൻ മുടങ്ങുമോ എന്നതാണ് ആശങ്ക.ഇരട്ട പെൻഷൻ, മരിച്ചവരുടെ പേരിലുള്ളത് തുടങ്ങിയവ ഒഴിവാക്കുക ലക്ഷ്യമിട്ടാണ് ബയോമെട്രിക് മസ്റ്ററിങ് നടത്താൻ ധനവകുപ്പ് നിർദേശിച്ചത്. ഇതിനുള്ള സമയപരിധി ഒക്ടോബർ 31ന് അവസാനിച്ചു.
നവംബറിലെ പെൻഷൻ ബില്ലുകളുടെ ജോലി 20നു ശേഷമാണ് തദ്ദേശവകുപ്പ് നിർവഹിക്കുക. മസ്റ്ററിങ് നടത്താത്തവരുടേത് സംബന്ധിച്ച് ഒരു തീരുമാനവും ഇതുവരെ വകുപ്പിന് ലഭിച്ചിട്ടില്ല. മസ്റ്ററിങ് സമയപരിധി നീട്ടിയുള്ള ഉത്തരവും ലഭിച്ചില്ല.സംസ്ഥാനത്ത് നിലവില്‍ പെൻഷൻ വാങ്ങുന്ന 66,58,811 പേരില്‍ 60,29,093 ആളുകളാണ് ഇതിനകം മസ്റ്ററിങ് പൂർത്തിയാക്കിയത്. 2025 ഡിസംബർ 31വരെ പെൻഷൻ അനുവദിച്ച ഗുണഭോക്താക്കളാണ് മസ്റ്ററിങ് നടത്തേണ്ടത്.
അക്ഷയ വഴി ആധാർ അടിസ്ഥാനമാക്കിയാണ് മസ്റ്ററിങ് നടത്തിയത്. കിടപ്പിലായവർക്കായി അക്ഷയ ജീവനക്കാർ വീട്ടിലെത്തി മസ്റ്ററിങ് നടത്തിയിരുന്നു. ആധാർ പുതുക്കാത്തതും വിരലടയാളം പതിയാത്തതും കാരണം മസ്റ്ററിങ് പൂർത്തിയാക്കാൻ കഴിയാത്തവർക്ക് തദ്ദേശ സ്ഥാപനങ്ങളിലെത്തിച്ച് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചും മസ്റ്ററിങ് ചെയ്യിക്കാൻ അവസരം നല്‍കിയിരുന്നു.സംസ്ഥാനത്ത് വിവിധ വിഭാഗങ്ങളിലായി 52,24,569 പേരാണ് സാമൂഹിക സുരക്ഷാ പെൻഷൻ കൈപ്പറ്റുന്നത്. 33 വെല്‍ഫെയർ ബോർഡുകള്‍ വഴി 14,33,878 പേരും പെൻഷൻ വാങ്ങുന്നു.
സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്ന 3,36,626 ഉം വെല്‍ഫെയർ ബോർഡിനു കീഴിലെ 2,93,092 പേരുമാണ് മസ്റ്ററിങ് ചെയ്യാത്തത്.മസ്റ്ററിങ് നടത്താത്ത 6.29 ലക്ഷം പേർ അനർഹരാണെന്ന് കണ്ട് പെൻഷൻ തടഞ്ഞാല്‍ വലിയ വിമർശനത്തിനിടയാക്കും. വിവിധ അവശതകള്‍ നേരിടുന്നവർക്കായി മസ്റ്ററിങ് നടത്താൻ വീണ്ടും അവസരം നല്കുന്ന കാര്യത്തില്‍ സർക്കാർ തീരുമാനമെടുക്കുമെന്നാണ് സൂചന.






