പത്തനംതിട്ട: മികച്ച സേവന നിലവാരവും ജനസൗഹൃദ നയങ്ങളും മുൻനിർത്തി രാജ്യത്തെ പൊലീസ് സംവിധാനങ്ങള്‍ക്ക് മാതൃകയായി പത്തനംതിട്ട ജില്ലാ പൊലീസ് ഓഫീസ്.
ഗുണനിലവാര മാനേജ്മെന്റ്, പരിസ്ഥിതി സംരക്ഷണം, തൊഴില്‍ സുരക്ഷ, ഉപഭോക്തൃ സംതൃപ്തി എന്നിവ ഉറപ്പുവരുത്തിയതിന് നാല് പ്രമുഖ അന്താരാഷ്ട്ര ഐഎസ്ഒ സർട്ടിഫിക്കേഷനുകളാണ് ഓഫീസ് സ്വന്തമാക്കിയത്. ഉപഭോക്തൃ സംതൃപ്തി നിരീക്ഷിക്കുന്നതിനും അളക്കുന്നതിനുമുള്ള ISO 10004:2018 അംഗീകാരം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ പൊലീസ് ഓഫീസ് എന്ന ചരിത്രനേട്ടവും പത്തനംതിട്ട സ്വന്തമാക്കി.
ലഭിച്ച പ്രധാന ISO സർട്ടിഫിക്കേഷനുകള്‍
ISO 10004:2018: ഉപഭോക്തൃ (പൗരന്മാരുടെ) സംതൃപ്തി കൃത്യമായി നിരീക്ഷിക്കുന്നതിനും സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള മാർഗ്ഗനിർദ്ദേശങ്ങള്‍ പാലിച്ചതിന് (ഇന്ത്യയില്‍ ആദ്യം).
ISO 9001:2015: മികച്ച ഗുണനിലവാര മാനേജ്മെന്റ് രീതികള്‍ മുൻനിർത്തി നല്കിയ അംഗീകാരം.
ISO 14001:2015: പരിസ്ഥിതി സംരക്ഷണ സംരംഭങ്ങളും ഹരിത പ്രവർത്തന അന്തരീക്ഷവും ഉറപ്പാക്കിയതിന്.
ISO 45001:2018: ജീവനക്കാരുടെയും സന്ദർശകരുടെയും തൊഴില്‍ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്ന സംവിധാനങ്ങള്‍ക്ക്.
നിയമപാലനം, കുറ്റകൃത്യങ്ങള്‍ തടയല്‍, പൊതുസുരക്ഷ, ഗതാഗത മാനേജ്മെന്റ്, കമ്മ്യൂണിറ്റി പോലീസിംഗ്, സമയബന്ധിതമായ പരാതി പരിഹാരം, പൗര പിന്തുണ സേവനങ്ങള്‍ എന്നിവയില്‍ കൃത്യമായ പരിശോധനകളും നിരന്തരമായ മെച്ചപ്പെടുത്തലുകളും വരുത്തിയതാണ് പത്തനംതിട്ട പൊലീസിനെ ഈ നേട്ടത്തിന് അർഹരാക്കിയത്.






