പത്തനംതിട്ട : രക്ഷാപ്രവർത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ട എംവിഡി ഉദ്യോഗസ്ഥർക്ക് എതിരായ സസ്പെൻഷൻ നടപടി പിൻവലിച്ചു. കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ പത്തനംതിട്ട അടൂരിൽ രക്ഷാപ്രവർത്തനത്തിനെത്തിയ വാഹനത്തിനാണ് പിഴയിട്ടത്. എംവിഡി ഉദ്യോഗസ്ഥരുടെ കടുത്ത പ്രതിഷേധത്തിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി.
അതേസമയം ഈ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയിട്ടുണ്ട്. വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ വാഹനത്തിലെ ലൈറ്റിനാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ 5000 രൂപ പിഴ ഈടാക്കിയത്. തുടർന്ന് അടൂർ സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ലൈജു. ബി, ഷമീർ.എം എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു.
സസ്പെൻഷൻ ഉത്തരവ് വന്നതോടെ പ്രതിഷേധവുമായി എംവിഡി ജീവനക്കാർ രംഗത്തുവന്നു. കറുത്ത ബാഡ്ജ് ധരിച്ചായിരുന്നു ജീവനക്കാരുടെ പ്രതിഷേധം. ഇതിന് പിന്നാലെയാണ് രണ്ട് ജീവനക്കാരുടെയും സസ്പെൻഷൻ പിൻവലിച്ചത്. എന്നാൽ ഇവരെ സ്ഥലം മാറ്റിക്കൊണ്ടാണ് സർവീസിൽ തിരിച്ചെടുത്തത്. ലൈജുവിനെ കഴക്കൂട്ടത്തും, ഷമീറിനെ മാവേലിക്കരയിലുമാണ് നിയമിച്ചിരിക്കുന്നത്.






