പാലക്കാട്: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയില്‍ പ്രതിഷേധം നടത്തിയ എസ് എഫ് ഐ നേതാക്കളെയടക്കം പൊലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പാലക്കാട് ടൗണ്‍ റെയില്‍വേ സ്റ്റേഷനിലേക്ക് എസ് എഫ് ഐ നടത്തിയ മാർച്ച് സംഘർഷഭരിമായി.
എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് അടക്കം പങ്കെടുത്ത പ്രതിഷേധ മാർച്ചാണ് അക്രമാസക്തമായത്.
പൊലീസും പ്രവർത്തകരുമായി ആദ്യം മുതലേ ഉന്തും തള്ളുമുണ്ടായി. പിന്നീട് സംഘർഷാവസ്ഥയിലേക്ക് പ്രതിഷേധം വഴിമാറുകയായിരുന്നു.
മതില് ചാടി റെയില്‍വേ സ്റ്റേഷൻ വളപ്പിലേക്ക് കടന്ന് പ്രവർത്തകർ ശക്തമായ പ്രതിഷേധം ഉയർത്തി. ഒടുവില്‍ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.
അതിനിടെ പൊലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ചെത്തി മർദിച്ചു എന്ന് എസ് എഫ് ഐ ആരോപണം ഉന്നയിച്ചു. ഒരു പൊലീസ് ഉദ്യോഗസ്ഥനെ പെട്ടെന്ന് സ്ഥലത്തുനിന്ന് മാറ്റിയിരുന്നു.






