കൊച്ചി: നെടുമ്പാശ്ശേരിയില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ പ്രതി സുഹൈല്‍ സജീവിന് മദ്യം നല്കിയ ബാറുകള്‍ക്കെതിരേ കേസെടുക്കാൻ എക്സൈസ് മന്ത്രിയുടെ നിർദേശം.
19-കാരനായ പ്രതിക്ക് നിയമവിരുദ്ധമായി മദ്യം നല്‍കിയതിനാണ് നടപടി.
സുഹൈല്‍ സജീവിന് മദ്യം നല്കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാനാണ് എക്സൈസ് മന്ത്രി ലിജു ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കിയിരിക്കുന്നത്.
നിയമപ്രകാരം 23 വയസ്സാണ് കേരളത്തില്‍ മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം. ഇത് ലംഘിച്ചതിനാണ് ബാറുകള്‍ക്കെതിരേയും നടപടി സ്വീകരിക്കാൻ നിർദേശം നല്‍കിയിരിക്കുന്നത്.
അപകടത്തിന് മുൻപ് സുഹൈല്‍ സജീവ് മൂന്ന് ബാറുകളില്‍ നിന്നായി മദ്യപിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ശനിയാഴ്ച രാത്രി മുതല്‍ മൂന്ന് ബാറുകളില്‍ നിന്നാണ് പ്രതി മദ്യപിച്ചിരുന്നത്.
പൊലീസിന്റെ ചോദ്യം ചെയ്യലില്‍ താൻ ഒരു ബിയർ മാത്രമേ കഴിച്ചിട്ടുള്ളൂ എന്നായിരുന്നു പ്രതിയുടെ മൊഴി. എന്നാല്‍, പ്രതിയുടെ മൊബൈല്‍ഫോണ്‍ പരിശോധിച്ചതോടെയാണ് മൂന്ന് ബാറുകളില്‍ നിന്ന് മദ്യപിച്ചതിന്റെ തെളിവുകള്‍ ലഭിച്ചത്.
എല്ലാ ബാറുകളില്‍ നിന്നും മദ്യപിക്കുന്നതിന്റെ വീഡിയോ പ്രതി മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചിരുന്നു. ഇതാണ് തെളിവായി മാറിയത്.






