വടക്കഞ്ചേരി: കിഴക്കഞ്ചേരി പഞ്ചായത്തിലെ പാലക്കുഴി വെള്ളച്ചാട്ടം കാണാനെത്തിയ കോയന്പത്തൂരില്നിന്നുള്ള അഞ്ചംഗസംഘത്തിലെ അപകടത്തില്‍പ്പെട്ട രണ്ടു പേരില്‍ യുവതി മരിച്ചു.
യുവാവിനെ നാട്ടുകാരും ഫയർഫോഴ്സിന്റെ സ്പെഷല്‍ ടാസ്ക് ഫോഴ്സും ചേർന്നു രക്ഷപ്പെടുത്തി. കോയന്പത്തൂർ ശരവണപ്പെട്ടിയിലെ ഭാനുപ്രിയ (40) ആണ് മരിച്ചത്. സുഹൃത്തായ ഭരത്തിനെ(35) രക്ഷപ്പെടുത്തി.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ഐടി മേഖലയിലും മറ്റും ജോലി ചെയ്യുന്നവരും ബാഡ്മിന്റണ്‍ താരങ്ങളുമായ സുഹൃത്തുക്കള്‍ രാവിലെ പതിനൊന്നരയോടെയാണു കോയന്പത്തൂരില്നിന്നു കാറില്‍ പാലക്കുഴി മലയിലെത്തിയത്.
വെള്ളച്ചാട്ടത്തില്‍നിന്ന് 70 മീറ്ററോളം മുകളിലായി പുഴയില്‍ ഇറങ്ങിയതായിരുന്നു സംഘം. ഇതിനിടെ പാറയില്‍ കാല്‍വഴുതി ഭാനുപ്രിയ ഒഴുക്കില്‍പ്പെട്ടു. രക്ഷിക്കാൻ ഇറങ്ങിയ ഭരത്തും ഒഴുക്കില്‍പ്പെടുകയായിരുന്നു.
രണ്ടു പേരും ഒഴുകി എഴുനൂറോളം അടി താഴ്ചയുള്ള വെള്ളച്ചാട്ടത്തില്‍ പതിക്കുകയായിരുന്നു. ഭരത്ത് നൂറടി താഴെ കയത്തില്‍വീണ് അവിടെനിന്നു പൊങ്ങി വശത്തേക്കുതെറിച്ച് പാറയിടുക്കില്‍ കുടുങ്ങിക്കിടന്നു.
എന്നാല്‍, ഭാനുപ്രിയ അതിശക്തമായ കുത്തൊഴുക്കിനൊപ്പം താഴേക്കു വീഴുകയായിരുന്നു. പിന്നീട് മണിക്കൂറുകള്‍ക്കുശേഷം 500 അടി താഴെ കൊന്നക്കല്‍ക്കടവില്‍ മരിച്ചനിലയിലാണ് ഇവരെ കണ്ടെത്തിയത്.
വെള്ളച്ചാട്ടത്തിനുമുകളില്‍ ഉണ്ടായിരുന്ന യുവാക്കളാണ് ഇവർ അപകടത്തില്‍പ്പെട്ട വിവരം മുകളിലെ ചെക്ക് ഡാമിനടുത്തു വീടുള്ള കുട്ടനാടൻ ചാക്കോച്ചനെ അറിയിച്ചത്. ഉടൻ നാട്ടുകാർ വടവുമായി ഓടിയെത്തി.
വെള്ളച്ചാട്ടത്തിനടുത്തുള്ള മരത്തില്‍ വടംകെട്ടി ഇറങ്ങിയ നാട്ടുകാരനായ സെബാസ്റ്റ്യൻ അവശനിലയിലായിരുന്ന ഭരത്തിനെ താഴെക്കുവീഴാത്ത വിധം സുരക്ഷിതസ്ഥാനത്തേക്കു മാറ്റിക്കിടത്തി.
വിവരമറിഞ്ഞ് പാലക്കാട്ടുനിന്നു ഫയർഫോഴ്സും ഫയർഫോഴ്സിന്റെ തന്നെ സ്പെഷല്‍ ടാസ്ക് ഫോഴ്സും എത്തി മണിക്കൂറുകള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ വൈകിട്ട് അഞ്ചേകാലിനാണ് ഭരത്തിനെ മുകളിലെത്തിച്ച് ആലത്തൂർ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയത്.
ദീപ (47), പ്രശാന്ത് (38), ജനനി (37) എന്നിവരാണു സംഘത്തില്‍ ഉണ്ടായിരുന്ന മറ്റുള്ളവർ.






