എറണാകുളം : കനത്ത മഴ തുടർന്നിട്ടും ഇന്നലെ അർദ്ധരാത്രിയോടടുക്കുന്നത് വരെ എറണാകുളം ജില്ലാ കളക്ടർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരുന്നില്ല. തുടർന്ന് ഇന്നലെ രാത്രി 11.10നാണ് കളക്ടർ അവധി പ്രഖ്യാപിച്ചുകൊണ്ട് പോസ്റ്റ് പങ്കുവച്ചത്. പിന്നാലെ പത്ത് മിനിറ്റിനുള്ളില്‍ തന്നെ ലൈക്കുകള്‍ ആയിരങ്ങളായി. കമന്റുകളില്‍ നന്ദി അറിയിച്ച് കുട്ടികളും മാതാപിതാക്കളുമെത്തി.
മിക്കവാറും രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ പങ്കുവച്ചിരിക്കുന്നത്. "കളക്ടറുടെ പേജ് നോക്കി ഇരിക്കുന്ന വിദ്യാർത്ഥി കള്‍ മഴ നനയാതെ ശ്രദ്ധിക്കണം!" എന്നായിരുന്നു ഒരു കമന്റ്. "കാത്തിരുന്ന് കാത്തിരുന്ന് എൻ്റെ കൊച്ച് ഉറങ്ങി. രാവിലെ ഇനി അവന് പെരുന്നാള്‍ മാസം കണ്ട പ്രതീതി ആയിരിക്കും." എന്ന് മറ്റൊരു രക്ഷാകർത്താവും പോസ്റ്റിന് താഴെ കുറിച്ചു.
അതേസമയം സാഹചര്യം മനസ്സിലാക്കി വൈകിയാണെങ്കിലും ഉചിതമായ തീരുമാനമെടുത്തതിന് നിരവധി മാതാപിതാക്കളാണ് ജില്ലാ കളക്ടറെ അഭിനന്ദിച്ചും രംഗത്തെത്തിയത്. കൂടാതെ മദ്രസകളുടെ കാര്യം പോസ്റ്റുകളില്‍ പ്രത്യേകം പറയേണ്ടതുണ്ടെന്ന് മറ്റൊരാള്‍ കമന്റ് ചെയ്യുന്നു.
അതേസമയം റെഡ് അലേർട്ടുള്ള ദിവസങ്ങളില്‍ വർക്കിങ് അവേഴ്സ് കുറയ്ക്കണം എന്നതാണ് മറ്റൊരാളുടെ ആവശ്യം. "റെഡ് അലർട്ട് പ്രഖ്യാപിക്കുമ്പോള്‍ എല്ലാ സ്ഥാപനങ്ങളിലും വർക്കിംഗ് ടൈം വെട്ടി കുറയ്ക്കാൻ കളക്ടർ ഉത്തരവ് ഇറക്കണം." ഇതേ ആവശ്യം മറ്റു പലരും ഉന്നയിക്കുന്നുണ്ട്. ദീർഘമായ സമയം ജോലി ചെയ്യേണ്ടി വരുന്ന സെക്ടറിലുള്ളവർക്ക് രാത്രി 12 മണിക്കൊക്കെയാണ് വീട്ടില്‍ പോകാൻ കഴിയുന്നത്. ഇത് അപകടകരമായ സാഹചര്യങ്ങളിലൂടെ കടന്നു പോകാൻ ഇടവരുത്തുന്നു എന്നതാണ് പരാതി.






