മലപ്പുറം : മഞ്ചേരി നഗരസഭ കൌണ്‍സിലറുടെ കൊലപാതകത്തില്‍ ഒന്നാം പ്രതി പിടിയില്‍. നെല്ലിക്കുത്ത് കോട്ടക്കുത്ത് സ്വദേശി ഷുഹൈബ് എന്ന കൊച്ചുവാണ് (29) പിടിയിലായത്. കേസിന്റെ വിധി പറയുന്ന വ്യാഴാഴ്ച ഇയാള്‍ കോടതിയില്‍ ഹാജരാകാതെ മുങ്ങുകയായിരുന്നു. ഇതോടെ കേസ് മാറ്റി വെക്കുകയായിരുന്നു. വെള്ളിയാഴ്ച കേസ് പരിഗണിച്ച കോടതി, ഒന്നാം പ്രതിയുടെ രണ്ട് ജാമ്യക്കാർക്കെതിരെ കേസെടുക്കാനും ഓരോ ലക്ഷം രൂപ വീതം കോടതിയില്‍ കെട്ടിവെക്കാനും ഉത്തരവിട്ടു. കൂടാതെ പ്രതിയുടെ ജാമ്യവും കോടതി റദ്ദാക്കിയിരുന്നു.
നെല്ലിക്കുത്ത് ഒലിപ്രക്കാട് പതിയൻതൊടിക വീട്ടില്‍ അബ്ദുല്‍ മാജിദ് (30), പാണ്ടിക്കാട് വള്ളുവങ്ങാട് സൗത്ത് സ്വദേശി കറുത്തേടത്ത് വീട്ടില്‍ ഷംസീർ (36) എന്നിവരാണ് മറ്റു പ്രതികള്‍. ഇവർ രണ്ടുപേരും വ്യാഴാഴ്ച കോടതിയില്‍ ഹാജരായിരുന്നു. ആഗസ്റ്റ് അഞ്ചിന് കേസ് വീണ്ടും പരിഗണിക്കും.
2022 മാർച്ച് 29ന് രാത്രി പത്തോടെയാണ് കേസിനാസ്പദമായ സംഭവം. സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട് പാലക്കാട്ടുപോയി തിരിച്ചുവരികയായിരുന്ന അബ്ദുല്‍ ജലീലും സംഘവും സഞ്ചരിച്ചിരുന്ന കാറിന്റെ ലൈറ്റ് കണ്ണിലേക്കടിച്ചെന്ന് പറഞ്ഞ് ബൈക്ക് യാത്രക്കാരായ ഷുഹൈബും മാജിദും ഒലിപ്രക്കാട് വെച്ച് വാക്കേറ്റത്തില്‍ ഏർപ്പെടുകയായിരുന്നു.
ഇതിനിടെ ഷുഹൈബ് ഹെല്‍മറ്റ് ഉപയോഗിച്ച് കാറിന്റെ പിറകിലെ ഗ്ലാസ് അടിച്ചുതകർത്തു. തുടർന്ന് ഷംസീറിനെ ഫോണില്‍ വിളിച്ചുവരുത്തുകയുംചെയ്തു. കാറിന്റെ പൊട്ടിയ ഗ്ലാസ് കൗണ്‍സിലർ അടക്കമുള്ള സംഘം നോക്കുന്നതിനിടെ പ്രതികള്‍ കരിങ്കല്ല് ഉപയോഗിച്ച് കൗണ്‍സിലറുടെ തലക്ക് അടിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മാർച്ച് 30ന് ജലീല്‍ മരിച്ചു.






