പാലക്കാട്: വിവാഹ വിരുന്നില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധ.45 പേര് വിവിധ ആശുപത്രികളില്‍ ചികിത്സ തേടി.
പുതുക്കോട് എംസി പാലസ് വിവാഹമണ്ഡപത്തില്‍ നടന്ന വിവാഹവുമായി ബന്ധപ്പെട്ട മൈലാഞ്ചി ചടങ്ങിലെ ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കൂടുതല്‍ പേര്‍ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടിട്ടുണ്ടെന്ന് പ്രദേശവാസികളും ബന്ധുക്കളും പറയുന്നു.
ശനിയാഴ്ച വൈകീട്ട് നടന്ന മൈലാഞ്ചി ചടങ്ങില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ചവര്‍ക്കാണ് ഞായറാഴ്ച രാവിലെ മുതല്‍ ഛര്‍ദ്ദി, വയറിളക്കം, വയറുവേദന, ക്ഷീണം തുടങ്ങിയവ അനുഭവപ്പെട്ടത്.
തുടര്‍ന്ന് പലരും സമീപത്തെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടി. ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
ചടങ്ങില്‍ ഉപയോഗിച്ച ഭക്ഷ്യവസ്തുക്കള്‍, പ്രത്യേകിച്ച് ചിക്കന്‍ വാങ്ങിയ കട, ഭക്ഷണം തയ്യാറാക്കിയ കാറ്ററിങ് സ്ഥാപനം, പാചകത്തിനും സംഭരണത്തിനും സ്വീകരിച്ച ശുചിത്വ മാനദണ്ഡങ്ങള്‍ എന്നിവയും ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും പരിശോധിക്കുന്നുണ്ട്.
ഭക്ഷണസാമ്പിളുകളും ശേഖരിച്ച് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനാഫലം ലഭിച്ച ശേഷമേ ഭക്ഷ്യവിഷബാധയുടെ യഥാര്‍ഥ കാരണം വ്യക്തമാകുകയുള്ളൂ.
ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യങ്ങളില്‍ രോഗലക്ഷണങ്ങള്‍ അനുഭവപ്പെടുന്നവര്‍ സ്വയം ചികിത്സ നടത്താതെ ഉടന്‍ ആശുപത്രിയില്‍ എത്തണമെന്ന് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നു.
ഛര്‍ദ്ദി, വയറിളക്കം എന്നിവ മൂലം ശരീരത്തില്‍ ജലാംശം കുറയാനുള്ള സാധ്യത കൂടുതലായതിനാല്‍ ആവശ്യമായ ചികിത്സയും ദ്രാവകങ്ങളും സമയബന്ധിതമായി ലഭിക്കേണ്ടത് നിര്‍ണായകമാണ്.






