ജോജു ജോർജ്- ഷാജി കൈലാസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ആക്ഷൻ രംഗങ്ങളും കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ചിത്രമായിരിക്കും 'വരവ്' എന്ന പ്രതീക്ഷയാണ് ചിത്രത്തിന്റെ ഇതുവരെ പുറത്തിറങ്ങിയ ടീസറും ട്രെയിലറും ഒക്കെ നൽകുന്ന സൂചന. ഒരു ഗംഭീര ആക്ഷൻ ചിത്രം എന്നതിലുപരി കുടുംബ ബന്ധത്തിന്റെ ശക്തമായ ഒരു പ്രമേയവും ചിത്രത്തിനുണ്ട്.
ജോജു ജോർജ് - ഷാജി കൈലാസ് കോമ്പിനേഷൻ ആദ്യമായാണ് മലയാള സിനിമയിൽ. ആക്ഷൻ സിനിമകളുടെ രാജാവായ ഷാജി കൈലാസും, അഭിനയ വിസ്മയമായി മാറിക്കൊണ്ടിരിക്കുന്ന ജോജു ജോർജും ഒന്നിക്കുമ്പോൾ ചിത്രത്തിന്റെ വരവുപോലെതന്നെ ഇവരുടെ വരവും ആകാംക്ഷ വർധിപ്പിക്കുകയാണ്. ബിഗ് ബഡ്ജറ്റിൽ 98 ദിവസങ്ങൾ എടുത്ത് ചിത്രീകരണം പൂർത്തിയാക്കിയ ‘വരവ് ‘.
ഹൈറേഞ്ച് പശ്ചാത്തലത്തിൽ പ്ലാന്റർമാർക്കിടയിലെ കുടിപ്പകയും അതിജീവനവുമാണ് പ്രമേയമാക്കുന്നത്. ഷാജി കൈലാസിന്റെ ഹിറ്റ് ചിത്രങ്ങളായ ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ് എന്നിവയ്ക്ക് രചന നിർവഹിച്ച എ.കെ. സാജൻ തന്നെയാണ് ഈ ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്. ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജിയാണ് ചിത്രം നിർമിക്കുന്നത്.
ജോജുവിനൊപ്പം വാണി വിശ്വനാഥ്, സുകന്യ, മുരളി ഗോപി, അർജുൻ അശോകൻ, ദീപക് പറമ്പോൽ, ബാബുരാജ്, അസീസ് നെടുമങ്ങാട്, ബൈജു സന്തോഷ്, അഭിമന്യു തിലകൻ, ബോബി കുര്യൻ, അശ്വിൻ കുമാർ, ശ്രീജിത്ത് രവി,
കോട്ടയം രമേശ്, ബാലാജി, ബിജു പപ്പൻ, ചാലി പാല, ഷാജി ഷാഹിദ്, ആൻഡ്രായ് ബ്ലിറ്റസ് നെറ്റ്സോവ്, സാനിയ അയ്യപ്പൻ, വിൻസി അലോഷ്യസ്, വീണ നായർ, മെറ്റിൽഡ പെട്രോവിക് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.






