ഇസ്ലാമാബാദ് : പാകിസ്താൻ്റെ വടക്കുപടിഞ്ഞാറൻ മേഖലയിലെ റോഡരികിലെ പൊലീസ് ചെക്ക്പോസ്റ്റിന് നേരെയുണ്ടായ ചാവേർ ബോംബാക്രമണത്തിൽ കുറഞ്ഞത് 12 പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിലെ ഡേര ഇസ്മായിൽ ഖാൻ ജില്ലയിൽ ശനിയാഴ്ചയാണ് ആക്രമണമുണ്ടായത്.
സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം ചെക്ക്പോസ്റ്റിലേക്ക് ഇടിച്ചുകയറ്റിയാണ് ആക്രമണം നടത്തിയതെന്നാണ് അൽ-ജസീറ റിപ്പോർട്ട് ചെയ്യുന്നത്. സ്ഫോടനത്തിന് പിന്നാലെ വെടിയൊച്ചകളും കേട്ടതായി പ്രദേശവാസികളെ ഉദ്ധരിച്ച് അൽ-ജസീറ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലും ഭൂരിഭാഗവും സുരക്ഷാ ഉദ്യോഗസ്ഥരും വഴിയാത്രക്കാരുമാണെന്നാണ് പൊലീസിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. പൊലീസ് ഉദ്യോഗസ്ഥർ, കസ്റ്റംസ് വിഭാഗം ജീവനക്കാർ, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
ജില്ലയിലെ ദറസിന്ദ മേഖലയിൽ അമൻ മേളയ്ക്ക് സമീപമാണ് സ്ഫോടനമുണ്ടായതെന്ന് റെസ്ക്യൂ 1122 പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്. ദറസിന്ദ സ്റ്റേഷനിൽ നിന്നുള്ള രക്ഷാപ്രവർത്തക സംഘം സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം നൽകിയ ശേഷം ആശുപത്രികളിലേക്ക് മാറ്റിയതായി റെസ്ക്യൂ 1122 അറിയിച്ചിട്ടുണ്ട്.






