കാസര്‍ഗോഡ് : ബായാര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കാലാവധി കഴിഞ്ഞ മരുന്നു നല്കിയ സംഭവത്തില്‍ ബാലാവകാശ കമ്മീഷനെ സമീപിക്കുമെന്ന് പതിനഞ്ചുകാരന്റെ കുടുംബം. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണം തങ്ങളെ കുറ്റക്കാരാക്കാനാണ് ശ്രമിക്കുന്നതെന്നാണ് കുടുംബം ആരോപിച്ചു.
മഞ്ചേശ്വരത്തെ ബായാര്‍ കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് കാലാവധി കഴിഞ്ഞ മരുന്ന് നല്കിയ സംഭവത്തിലാണ് 15കാരന്റെ കുടുംബം നിയമ നടപടിയിലേക്ക് കടക്കുന്നത്. ആരോഗ്യവകുപ്പിനെതിരെ ഗുരുതര ആരോപണമാണ് കുടുംബം ഉന്നയിക്കുന്നത്. ഗുളികയിലെ ബാച്ച് നമ്പര്‍ പരിശോധിച്ചതില്‍ മരുന്ന് ബായാര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്നുള്ളതല്ലെന്ന് കണ്ടെത്തിയെന്നും വീഴ്ച സംഭവിച്ചിട്ടില്ലെന്നും ആരോഗ്യ വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ നുണ പ്രചരിപ്പിക്കുകയാണെന്ന തരത്തില്‍ സൈബര്‍ ആക്രമണം ഉള്‍പ്പടെ നേരിടുന്നതായും 15കാരന്റെ കുടുംബം പറഞ്ഞു.
സംഭവത്തില്‍ ബാലാവകാശ കമ്മീഷനും,ആരോഗ്യമന്ത്രിക്കും പരാതി നല്കാന് ഒരുങ്ങുകയാണ് കുടുംബം. കാലിലെ മുറിവിനും പനിക്കും ചികിത്സ തേടിയ 15കാരനായ അഹമ്മദ് റിഫാസിന് കഴിഞ്ഞ 16നാണ് ബായാര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയതായി പരാതി ഉയര്‍ന്നത്. റിഫാസിന്റെ സഹോദരി പരിശോധിച്ചപ്പോള്‍ ആണ് മരുന്നിന്റെ കാലാവധി കഴിഞ്ഞതാണെന്ന് കണ്ടെത്തിയത്.






