തറരുവനന്തപുരം: ബിജെപി വിട്ട പത്മജ വേണുഗോപാലിന് അടുത്ത മാസം ആദ്യം കോണ്‍ഗ്രസില്‍ അംഗത്വം നല്കാൻ ധാരണയായി.
ഡിസംബർ 23ന് നടക്കുന്ന കെ.കരുണാകരൻ അനുസ്മരണ ചടങ്ങില്‍ പത്മജ പങ്കെടുക്കും.
ഇന്നലെ ഫേസ്ബുക്കില്‍ മാപ്പപേക്ഷ രേഖപ്പെടുത്തിയത് മുതിർന്ന നേതാക്കളുടെ നിർദേശപ്രകാരമാണെന്നാണ് സൂചന.
ഇതോടെ പത്മജയുടെ കോണ്‍ഗ്രസ് പ്രവേശനത്തെ എതിർക്കുന്നവരുടെ അതൃപ്തിക്ക് പരിഹാരമായി എന്നാണ് വിലയിരുത്തല്‍.
കെ.കരുണാകരൻ ട്രസ്റ്റ് നടത്തുന്ന പരിപാടികളില്‍ പങ്കെടുത്തുകൊണ്ടായിരിക്കും പത്മജ വേണുഗോപാലിന്റെ കോണ്‍ഗ്രസിലേക്കുള്ള തിരിച്ചുവരവ്. അതിന് മുൻപ് തന്നെ കെപിസിസി ഓഫീസില്‍ വെച്ച് പാർട്ടിയുടെ അംഗത്വം നല്കി അവരെ കോണ്‍ഗ്രസിലേക്ക് തിരികെ എടുക്കാനാണ് മുതിർന്ന നേതാക്കളുടെ തീരുമാനം.
പത്മജയെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു, മഹിളാ കോണ്‍ഗ്രസ് നേതാക്കള്‍ രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. കെ.കരുണാകരന്റെ മകളുടെ കോണ്‍ഗ്രസിലേക്കുള്ള പുനഃപ്രവേശനം വിവാദ വഴികളിലൂടെ ആവരുത് എന്ന നിർബന്ധം നേതാക്കള്‍ക്ക് ഉണ്ടായിരുന്നു.
ഇതേ തുടർന്നാണ് മാപ്പ് പറഞ്ഞ് പാർട്ടിയിലേക്ക് വരിക എന്ന നിർദേശം പത്മജയ്ക്ക് നല്‍കിയത്. നേതാക്കളുടെ നിർദേശം അനുസരിച്ചാണ് പത്മജ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഖേദം പ്രകടിപ്പിച്ചത്.






