തിരുവനന്തപുരം: പൊതുസ്ഥലത്ത് മദ്യപിച്ച കേസില്‍ ഉള്‍പ്പെട്ട വികാരി ഫാദർ തിയഡോഷ്യസ് ഡിക്രൂസ് സ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം പേട്ട സെന്റ് ആൻസ് പള്ളിയില്‍ ഇടവക ജനങ്ങളുടെ പ്രതിഷേധവും സംഘർഷവും.
കഴിഞ്ഞ 15-ാം തീയതി രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വികാരിയെയും മറ്റ് രണ്ടുപേരെയും പൊതുസ്ഥലത്ത് വെച്ച് മദ്യപിച്ചതിന് പൊലീസ് പിടികൂടുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഇന്ന് രാവിലെ കുർബാന കഴിഞ്ഞതിന് പിന്നാലെ ഒരു വിഭാഗം വിശ്വാസികള്‍ പുറത്തുനിന്ന് പള്ളിമേട പൂട്ടി പ്രതിഷേധിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി ചർച്ച നടത്തിയ ശേഷമാണ് പള്ളിമേട തുറന്നുകൊടുത്തത്.
എന്നാല്‍ പിന്നീട് വികാരി അകത്തുകയറി പള്ളിമേട ഉള്ളില്‍ നിന്ന് പൂട്ടിയിരിക്കുകയാണ്. സംഘർഷാവസ്ഥ തുടരുന്നതിനാല്‍ സ്ഥലത്ത് കനത്ത പൊലീസ് കാവല്‍ ഏർപ്പെടുത്തിയിട്ടുണ്ട്. വികാരി സ്ഥാനം ഒഴിയാതെ പിരിഞ്ഞുപോകില്ലെന്ന ഉറച്ച നിലപാടിലാണ് പ്രതിഷേധക്കാർ.
പൗരോഹിത്യത്തിന് നിരക്കാത്ത പ്രവർത്തനങ്ങളാണ് വികാരിയുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും ഇദ്ദേഹത്തെ പള്ളിയില്‍ നിന്ന് മാറ്റി നിർത്തണമെന്നും ഇടവകാംഗങ്ങള്‍ ആവശ്യപ്പെടുന്നു. മദ്യപാനക്കേസ് വ്യാജമാണെന്ന തരത്തില്‍ വികാരിയെ അനുകൂലിക്കുന്നവർ പ്രചരിപ്പിക്കുന്നുണ്ടെങ്കിലും മദ്യപിച്ചതിന് തന്നെയാണ് പൊലീസ് കേസെടുത്തതെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ച 35-ഓളം പേർക്കെതിരെ വികാരി നല്കിയ പരാതിയില്‍ 85 വയസുള്ള വയോധികരെ പോലും എസിപി ഓഫീസില്‍ കയറ്റി ബുദ്ധിമുട്ടിച്ചതായും പ്രതിഷേധക്കാർ കുറ്റപ്പെടുത്തി. കൂടാതെ, മദ്യപാനക്കേസില് ഉള്‍പ്പെട്ട വ്യക്തികളെ തിരുകിക്കയറ്റാനായി പള്ളിയിലെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പില്‍ ക്രമക്കേടുകള്‍ നടത്തിയതായും ആക്ഷേപമുയർന്നിട്ടുണ്ട്.
നാലുമാസം മുമ്പ് തന്നെ വികാരിക്കെതിരെ പരാതി നല്‍കിയിരുന്നെങ്കിലും സഭാ നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്നും 30 വർഷത്തെ പൗരോഹിത്യ സ്വാധീനം ഉപയോഗിച്ച് ഇദ്ദേഹം നടപടികള്‍ തടയുകയാണെന്നും വിശ്വാസികള്‍ ആരോപിച്ചു.
ഇന്ന് രാവിലെ പള്ളി പരിസരത്ത് വികാരിക്കെതിരെ പ്രതിഷേധ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. വികാരി സ്ഥാനമൊഴിയുന്നതുവരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് ഇടവകയിലെ വലിയൊരു വിഭാഗം വിശ്വാസികളുടെ തീരുമാനം.






