തിരുവനന്തപുരം: ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന അഭ്യൂഹങ്ങളില് പ്രതികരിച്ച് പത്മജ വേണുഗോപാല്.
പാർട്ടിയുമായി നിലിവില് ഒരു പ്രശ്നവുമില്ലെന്നും ബിജെപിയില് വേണ്ട പരിഗണന ലഭിക്കുന്നില്ലെന്ന് പറഞ്ഞിട്ടില്ലെന്നും പത്മജ പറഞ്ഞു. ദേശീയ വനിതാ കമ്മീഷൻ അംഗമായി നിവേദിത സുബ്രഹ്മണ്യത്തെ നിയമിച്ചതിന് പിന്നാലെ പത്മജയ്ക്ക് അതൃപ്തിയുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പത്മജയുടെ പ്രതികരണം.
ദേശീയ വനിതാ കമ്മിഷൻ അംഗമായി നിവേദിത സുബ്രഹ്മണ്യത്തെ തിരഞ്ഞെടുത്തതില് തനിക്ക് അതൃപ്തിയില്ല. അവർ അതിന് അർഹതയുള്ള സ്ത്രീയാണ്. ബിജെപി വിടുന്നതിനെക്കുറിച്ച് ആലോചിട്ടില്ല'- പത്മജ പറഞ്ഞു. തിരികെ കോണ്ഗ്രസില് എത്തിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്ന വാർത്തയോടും അവർ പ്രതികരിച്ചു.
'കോണ്ഗ്രസില് നിന്ന് തന്നെ ആരും ബന്ധപ്പെട്ടിട്ടില്ല. താനും ആരെയും ബന്ധപ്പെട്ടിട്ടില്ല. ബിജെപി വിടുന്നു എന്ന് കേള്ക്കുമ്പോള്, എങ്കില് പിന്നെ കോണ്ഗ്രസിലേക്ക് പോകുമായിരിക്കും എന്ന് ചിന്തിക്കുന്നതാണ്'- പത്മജ പറഞ്ഞു.
കോണ്ഗ്രസിലെ ഒരു വിഭാഗം, പ്രത്യേകിച്ച് കെ മുരളീധരനുമായി അടുപ്പമുള്ളവർ പത്മജയെ തിരികെ കൊണ്ടുവരാൻ ശ്രമങ്ങള് തുടങ്ങിയതായി റിപ്പോർട്ടുണ്ടായിരുന്നു. പത്മജ നിലവില് ദുബായിലേക്ക് യാത്ര തിരിക്കുകയാണ്. രണ്ടാഴ്ചയ്ക്ക് ശേഷം മടങ്ങിയെത്തി ഇക്കാര്യത്തില് കൂടുതല് സംസാരിക്കുമെന്ന് അവർ പറയുന്നു.
ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടത് അനുസരിച്ചാണ് തിരഞ്ഞെടുപ്പില് പത്മജ മത്സരിച്ചത്. തോറ്റാലും ഗവർണർ പദവിയോ, മറ്റ് ഭരണഘടനാപദവികളോ നല്കാമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നു. എന്നാല് തോറ്റതോടെ പരിഗണന ലഭിക്കാതെയായി. ഇതോടെ അതൃപ്തിയിലായ പത്മജ ബിജെപി വിടാനുള്ള തീരുമാനത്തിലാണെന്നായിരുന്നു വാർത്ത






