കൊല്ലം: സംസ്ഥാനത്ത് വീണ്ടും അവയവദാനം. മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം കോർപ്പറേഷൻ കോണ്‍ഗ്രസ് കൗണ്‍സിലർ ബി അജിത് കുമാറിന്റെ (53) അവയവങ്ങളാണ് ദാനം ചെയ്യാൻ കുടുംബം സന്നദ്ധത അറിയിച്ചത്.
കൊല്ലം കോർപ്പറേഷന്റെ കായിക വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ അജിത് കുമാർ സ്ട്രോക്കിനെ തുടർന്ന് ചികിത്സയിലായിരുന്നു.
തൃക്കടവൂർ കുരീപ്പുഴ സ്വദേശിയായ അജിത്തിന്റെ അവയവങ്ങള്‍ അഞ്ചുപേർക്കാണ് ദാനം ചെയ്യുന്നത്. കഴിഞ്ഞ ഞായറാഴ്ച സ്ട്രോക്കിനെ തുടർന്നാണ് അദ്ദേഹത്തെ കൊല്ലം ട്രാവൻകൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. തുടർന്ന് ബന്ധുക്കളുടെ സമ്മതപ്രകാരം കേരള സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയിലൂടെ അദ്ദേഹത്തിന്റെ അവയവങ്ങള്‍ ദാനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. അജിത് കുമാർ അവിവാഹിതനാണ്. സുരേഷ് കുമാർ ബി, അജിത കുമാരി ബി എന്നിവർ സഹോദരങ്ങളാണ്.
ട്രാവൻകൂർ മെഡിക്കല്‍ കോളേജില്‍ നിന്നും സമാഹരിച്ച അദ്ദേഹത്തിന്റെ അവയവങ്ങള്‍ പല ആശുപത്രികളിലായാണ് ദാനം ചെയ്യുന്നത്. കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലും വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും കൊല്ലം ട്രാവൻകൂർ മെഡിക്കല്‍ കോളേജിലുമാണ് നല്‍കുന്നത്. രണ്ട് കോർണിയകള്‍ റീജിയണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയിലേക്കും ദാനം ചെയ്യും.






