കോട്ടയം : കുമരകം വേമ്പനാട്ടുകായൽ തീരത്ത് അനധികൃത നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതായി ആരോപിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി കുമരകം ഗ്രാമപഞ്ചായത്തിൽ പരാതി നൽകി.
പഞ്ചായത്തിന്റെ അനുമതിയില്ലാതെയും സർക്കാർ മാനദണ്ഡങ്ങൾ ലംഘിച്ചും കായൽതീരങ്ങളിൽ കെട്ടിട നിർമാണം നടക്കുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. റിസോർട്ടുകളിലെ മുറികളും കോൺഫറൻസ് ഹാളുകളും ഉൾപ്പെടെയുള്ള നിർമാണങ്ങൾ അളന്ന് നികുതി പുനർനിർണയിക്കണമെന്നും ആവശ്യപ്പെട്ടു.
റിസോർട്ടുകൾ നടത്തിയതായി ആരോപിക്കുന്ന കായൽ കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്നും, ഇറിഗേഷൻ വകുപ്പ് നിർമ്മിച്ച കൽക്കെട്ട് കൈയേറി മതിലുകൾ നിർമ്മിച്ച സംഭവങ്ങളിൽ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
കൂടാതെ, റിസോർട്ടുകളിൽ നിന്ന് വേമ്പനാട്ടുകായലിലേക്ക് മലിനജലം ഒഴുക്കിവിടുന്നത് തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് മണ്ഡലം കമ്മിറ്റി പഞ്ചായത്തോട് ആവശ്യപ്പെട്ടു.






