കൊല്ലം: മസ്തിഷ്കമരണം സംഭവിച്ച കൊട്ടാരക്കര സ്വദേശിനി ജോളി വർഗീസ് അഞ്ചുപേരിലൂടെ ജീവിക്കും.
അവയവദാനത്തിലൂടെയാണ് ഓടനാവട്ടം താറാംവിളയില് ജിജിൻ ഭവനില്‍ ജോളി വർഗീസിന്റെ കുടുംബം മാതൃകയായത്.
ഫാർമസിസ്റ്റായി ജോലി ചെയ്ത് വരികയായിരുന്ന ജോളി വർഗീസിന് പെട്ടെന്നുണ്ടായ രോഗബാധയെ തുടർന്നാണ് മസ്തിഷ്കമരണം സംഭവിച്ചത്. എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ജോളി.
വൃക്കകളിലൊന്ന് പത്തനംതിട്ട ഇലന്തൂർ സ്വദേശിയായ പി വി റെജിക്ക് (58) നല്കി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് വിജയകരമായി വൃക്ക മാറ്റിവെച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗം മേധാവിയും അസോഷ്യേറ്റ് പ്രഫസറുമായ ഡോ. ഫ്രെഡറിക് പോളിന്റെയും മറ്റ് ഡോക്ടർമാരുടെയും നേതൃത്വത്തിലാണ് ശസ്ത്രക്രിയ നാത്തിയത്.
അവയവങ്ങള്‍ക്കായി കാത്തിരിക്കുന്ന നിരവധി രോഗികള്‍ക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള വലിയ പ്രതീക്ഷയാണ് ഇത്തരം മാതൃകാപരമായ തീരുമാനങ്ങള്‍ നല്‍കുന്നതെന്നും ജീവിതം അവസാനിച്ചാലും മറ്റുള്ളവരുടെ ജീവനില്‍ സ്നേഹമായി ഈ നന്മ തുടരും എന്ന് ജോളിയുടെ മഹത്തായ ത്യാഗം ഓർമ്മിപ്പിക്കുകയാണെന്നും നാട്ടുകാർ പറയുന്നു.






