തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ഓണ്‍ലൈൻ ടാക്സി, കാർ ഡ്രൈവർമാർ അനിശ്ചിതകാല സമരത്തിന്. നിരക്ക് പരിഷ്കരണം, ബൈക്ക് ടാക്സി അവസാനിപ്പിക്കല്‍ അടക്കം ആവശ്യങ്ങളുന്നയിച്ചാണ് സമരം.
പണിമുടക്കിന്റെ ഭാഗമായി ഊബർ, ഓല, റാപ്പിഡോ, കേരള സവാരി കമ്പനികളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ടാക്സികള്‍ ഓഫ്ലൈൻ ആകുമെന്നാണ് പ്രഖ്യാപനം.
ന്യായമായ നിരക്ക് പരിഷ്കരണം, ബൈക്ക് ടാക്സി അവസാനിപ്പിക്കല്‍ തുടങ്ങി 11 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. മുമ്പ് പ്രതിഷേധിച്ചപ്പോള്‍ പരിഹാരമെന്ന നിലയില്‍ വർധിപ്പിച്ച തുക കമ്പനികള്‍ പിൻവലിച്ചതോടെയാണ് സമരത്തിനിറങ്ങിയത്.
രേഖാമൂലം ഉറപ്പ് വേണമെന്നാണ് പ്രതിഷേധിക്കുന്നവരുടെ ആവശ്യം. രാവിലെ കാറുകള്‍ കൂട്ടത്തോടെ പ്ലാറ്റ്ഫോമുകളില്‍ നിന്ന് ഓഫ്ലൈൻ ആക്കിയാണ് പ്രതിഷേധിക്കുക. ഇതോടെ ഓണ്‍ലൈൻ ക്യാബുകളെ ആശ്രയിക്കുന്ന നിരവധി പേർ പ്രതിസന്ധിയിലാകും.






