തലയോലപ്പറമ്പ് : പാലാംകടവും പരിസരവും മാലിന്യം നിറഞ്ഞ് ദുർഗന്ധപൂരിതമായ അവസ്ഥയിലാണ് നിലവിൽ. വൈക്കം മുഹമ്മദ് ബഷീർ സായാഹ്നങ്ങൾ ചെലവഴിക്കുകയും കഥയെഴുതുകയും ചെയ്തിരുന്ന പ്രദേശമാണ് ഇവിടം. പിന്നാലെ 2022ൽ 10 ലക്ഷം രൂപ ചെലവഴിച്ച് കടവിൽ കൈവരികൾ പിടിപ്പിക്കുകയും തറയോട് പാകുകയും ചെയ്ത് അഞ്ചുമണിക്കാറ്റ് എന്ന് ഈ സ്ഥലത്തിന് പേര് നൽകുകയും ചെയ്തു.
എന്നാൽ ഇരിപ്പിടങ്ങൾ അധികം വൈകാതെ തകർന്നു. നിർമാണത്തിന്റെ ഭാഗമായി പുഴയിലേക്ക് കരിങ്കല്ലുകൾ അശാസ്ത്രീയമായി ഇട്ടതുമൂലം പുഴയിൽ ഇറങ്ങാൻ കഴിയാതായി. ഇതോടെ കുളിക്കാനും അലക്കാനും കടവിലെത്തിയിരുന്ന പ്രദേശവാസികളും വരാതായി. കൽപടവുകളും കടത്തുകടവും പൂർണമായും വൃത്തിഹീനമായി.
കൂടാതെ ഒരുഭാഗം പ്ലാസ്റ്റിക് മാലിന്യംകൊണ്ട് നിറഞ്ഞു. പല ഭാഗങ്ങളിലും പ്ലാസ്റ്റിക് മാലിന്യം കത്തിച്ചനിലയിലാണ്. വരുംകാലത്തോട് കഥപറയാനുള്ള തലയോലപ്പറമ്പിന്റെ ചരിത്രവും പൈതൃക സമ്പത്തുമാണ് അധികൃതരുടെ അനാസ്ഥമൂലം തകർച്ച നേരിടുന്നത്.
1800കളിൽ തലയോലപ്പറമ്പ് ചന്തയുടെ സ്ഥാപകൻ തിരുവിതാംകൂർ ദിവാൻ വേലുത്തമ്പി ദളവ സ്ഥാപിച്ച വിളക്കുമരവും ഇവിടെയുണ്ട്. ബഷീർകടവും ദളവാ വിളക്കും കാണാനും പഠനത്തിനുമായി നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും നിരവധി സ്കൂൾ, കോളേജ് വിദ്യാർഥികൾ ഇവിടെ എത്തുന്നുണ്ട്. പാലാംകടവും പരിസരപ്രദേശങ്ങളും വൃത്തിയായി സംരക്ഷിക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.






