ഡല്‍ഹി: ഓണ്‍ലൈൻ ഷോപ്പിംഗ് സൈറ്റുകളില്‍ ഓഫറെന്ന പേരില്‍ നടക്കുന്ന വ്യാജ പരസ്യങ്ങള്‍ക്കെതിരെ നിർണായക മാറ്റത്തിനൊരുങ്ങി കേന്ദ്ര സർക്കാർ.
ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ വൻ വിലക്കുറവെന്ന പേരില്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതികള്‍ക്ക് നിയന്ത്രണമേർപ്പെടുത്താനാണ് നീക്കം.
ഓണ്‍ലൈൻ വഴി ഉല്പന്നങ്ങള്ക്ക് വലിയ വിലക്കുറവ് പ്രഖ്യാപിക്കുന്നത് പതിവാണ്. എന്നാല്‍ യഥാർഥത്തില്‍ ഉല്പന്നത്തിന്റെ വില എത്രയായിരുന്നുവെന്ന് ഉപഭോക്താവിന് അറിയാൻ കഴിയുകയില്ല. വിലക്കുറവ് പ്രഖ്യാപിക്കുമ്പോള്‍ പുതിയ വിലയ്ക്കൊപ്പം ഉല്പന്നത്തിന്റെ മുൻവിലയും പ്രദർശിപ്പിച്ചിരിക്കണമെന്നാണ് പുതിയ നിബന്ധന.
കേന്ദ്ര സർക്കാരിന്റെ പുതിയ നിർദേശം അനുസരിച്ച് ഓഫർ പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള 30 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയായിരിക്കും മുൻവിലയായി കണക്കാക്കുന്നത്. സെർച്ച് റിസള്‍ട്ടുകള്‍, പണമടച്ച് പ്രമോട്ട് ചെയ്യുന്ന ഉല്പന്നങ്ങള്, ഡാർക്ക് പാറ്റേണുകള്‍ തുടങ്ങിയവയിലും കേന്ദ്രം കൂടുതല്‍ കർശന നിയന്ത്രണം കൊണ്ടുവരും. 2027 ജനുവരി ഒന്നുമുതലാണ് പുതിയ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വരുന്നത്. കണ്‍സ്യൂമർ പ്രൊട്ടക്ഷൻ ( ഇ -കൊമേഴ്സ്) റൂള്‍സ്, 2020 ഭേദഗതി ചെയ്താണ് പുതിയ നിയമങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്.
ഓണ്‍ലൈൻ വഴിയുള്ള ഷോപ്പിംഗ് കൂടുതല്‍ സുതാര്യമാക്കുന്നതിനും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതികള്‍ ഒഴിവാക്കുന്നതിനുമാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. ഉപഭോക്താക്കള്‍ തിരയുന്നതുമായി ബന്ധമില്ലാത്ത ഉല്പന്നങ്ങള് മുന്നിലെത്തിക്കുന്ന തരത്തിലോ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലോ സെർച്ച് റിസള്‍ട്ടുകള്‍ നല്കാൻ ഇനി ഇ-കൊമോഴ്സ് കമ്പനികള്‍ക്ക് കഴിയില്ല. സ്പോണ്സർ ചെയ്ത ഉല്പന്നങ്ങളാണെങ്കില് അത് വ്യക്തമാക്കണമെന്നാണ് പുതിയ നിബന്ധന.
പുതിയ നിയമങ്ങള്‍ നിലവില്‍ വരുന്നതോടെ ഉപഭോക്തൃ പരാതികള്‍ കൈകാര്യം ചെയ്യുന്നതിലും ഇ-കൊമേഴ്സ് കമ്പനികളുടെ ഉത്തരവാദിത്തം വർദ്ധിക്കും. . ഉപഭോക്താവിന്റെ സമ്മതമില്ലാതെ നിശ്ചിത ആവശ്യങ്ങള്‍ക്കായി വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ടാകും. ഇ-കൊമേഴ്സ് സേവനവുമായി നേരിട്ട് ബന്ധമില്ലാത്ത മറ്റ് സേവനങ്ങളുടെ ഫീസ് കൂട്ടിച്ചേർത്ത് ഒറ്റത്തുകയായി ഈടാക്കുന്നതിനും കടിഞ്ഞാണ്‍ ഇടാനാണ് നീക്കം.
കൂടാതെ, ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ വർഷത്തില്‍ ഒരിക്കല്‍ സ്വയം പരിശോധന നടത്തുകയും ചട്ടങ്ങള്‍ പാലിക്കുന്നുവെന്ന് വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് പ്ലാറ്റ്ഫോമില്‍ പ്രദർശിപ്പിക്കുകയും വേണമെന്ന വ്യവസ്ഥയും പുതിയ ചട്ടങ്ങളിലുണ്ട്. ഓണ്‍ലൈൻ ഷോപ്പിംഗ് മേഖല അതിവേഗം വളരുന്നതിനിടെയാണ് ഉപഭോക്തൃ സംരക്ഷണം ശക്തമാക്കാനുള്ള കേന്ദ്രത്തിന്റെ പുതിയ നീക്കം.
മലയാളികള്‍ ഉള്‍പ്പെടെ സ്ഥിരം ഉപയോഗിക്കുന്ന ഇ-കൊമേഴ്സ് പ്ളാറ്റ്ഫോമുകളായ ആമസോണ്‍, ഫ്ലിപ്കാർട്ട് തുടങ്ങിയവ ഉള്‍പ്പെടെയുള്ളവയ്ക്കും ഡിസ്കൗണ്ട്, സെർച്ച് റാങ്കിംഗ്, പരസ്യപ്രദർശനം തുടങ്ങിയ രീതികളില്‍ മാറ്റം വരുത്തേണ്ടതായി വരും.






