കൊച്ചി: സവാള വിലക്കയറ്റത്തില്‍ പൊറുതിമുട്ടുന്ന ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി സർക്കാരിന്റെ ഇടപെടല്‍.
ഹോർട്ടികോർപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ കിലോയ്ക്ക് 35 രൂപ നിരക്കില്‍ സവാള വില്പനയ്ക്ക് ഇന്ന് തുടക്കമാകും.
രാവിലെ 10.30ന് തൃക്കാക്കര നഗരസഭ ചെയർമാനും വാർഡ് മെമ്പറുമായ റാഷിദ് ഉള്ളമ്പള്ളി വില്പനയുടെ ഉദ്ഘാടനം നിർവഹിക്കും. ഹോർട്ടികോർപ്പിന്റെ വില്പനശാലകളിലൂടെയും മൊബൈല്‍ യൂണിറ്റുകളിലൂടെയും ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സവാള ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏർപ്പെടുത്തി. പൊതുവിപണിയില്‍ വില ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ ഇടപെടല്‍.
വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സർക്കാർ ദേശീയ സഹകരണ ഉപഭോക്തൃ ഫെഡറേഷൻവഴി 100 ടണ്‍ സവാള സംഭരിച്ച് വിപണിയിലെത്തിക്കും. ആദ്യഘട്ടമായി 30 ടണ്‍ സവാളയ്ക്കുള്ള ഓർഡർ നല്‍കിയിരുന്നു. സംഭരിക്കുന്ന സവാള ഹോർട്ടികോർപ്പിന്റെയും സപ്ലൈകോയുടെയും കേന്ദ്രങ്ങള്‍വഴി കിലോയ്ക്ക് 35 രൂപ നിരക്കില്‍ വില്‍ക്കും. വിലയും ലഭ്യതയും തുടർച്ചയായി നിരീക്ഷിച്ച് ആവശ്യാനുസരണം കൂടുതല്‍ സവാള വിപണിയിലെത്തിക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.






