കോട്ടയം: ഓണാഘോഷ തിരക്കിലാകുന്നവരെ ചൂഷണം ചെയ്തു വ്യാജന്മാരുടെ വിളയാട്ടം. ഉത്രാടം വരെ കടകളില്‍ എല്ലാം തിരക്കാവുന്നതോടെ പലരും പായ്ക്കറ്റ് പോലും നോക്കാതെ വിലക്കുറവ് മാത്രം നോക്കി സാധനങ്ങള്‍ വാങ്ങുമെന്നതാണു വ്യാജന്മാര് വര്‍ധിക്കാന്‍ കാരണം.
പായസമൊരുക്കാനുള്ള പാലില്‍ മുതല്‍ ഉപ്പേരി വറുത്തു കോരാനുള്ള എണ്ണയില്‍ വരെ വ്യാജന്മാര് നിറയും. ഭക്ഷ്യ വസ്തുക്കളിലെ മായം ചേര്ക്കലിനെതിരേ കര്‍ശന നടപടിയെന്ന് അധികൃതര്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും പരിശോധനകള്‍ പേരിനു മാത്രമാണ്. മാത്രമല്ല, നൂറുകണക്കിനു കമ്പനികളാണ് ഓരോ ഇനങ്ങളും വില്‍പ്പനയ്ക്കെത്തിക്കുന്നത്. ഇവയെല്ലാം പരിശോധിക്കുകയും സാധ്യമല്ല.
പായസമൊരുക്കാനും മറ്റുമായി സാധാരണ വില്‍ക്കുന്നതിന്റെ ഇരട്ടിയിലേറെ പാലാണു മില്‍മ ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഈ ഒരാഴ്ച വില്‍ക്കുക. മില്മയുടേതിനോ, വിപണിയിലെ മറ്റു കമ്പനികളുടേതിനോ സമാനമായ പായ്ക്കറ്റുമായി വ്യാജന്മാര് വരുന്നതും ഈ ദിവസങ്ങളില്‍ തന്നെ. അല്‍പ്പം വിലക്കുറവുണ്ടാകുമെന്നതിനാല് പലരും ഇതു തെരഞ്ഞെടുക്കും. തമിഴ്നാട്ടില്‍ നിന്നുള്‍പ്പെടെ പായ്ക്ക് ചെയ്ത് എത്തിച്ചാണു വില്‍പ്പന. കൃത്രിമ രാസവസ്തുക്കള്‍ ഉള്‍പ്പെടെ ചേര്‍ത്താണ് ഇത്തരം പാല് വില്‍പ്പന.
എണ്ണയാണ് ഏറ്റവും കൂടുതല്‍ വ്യാജന്മാര് വിളയാടുന്ന സ്ഥലം. വെളിച്ചെണ്ണ വില 300 രൂപ കടന്നതിനാല്‍, പതിവുപോലെ വെളിച്ചെണ്ണയ്ക്കാണ് അപരന്മാര് ഏറെ. പേരില്‍ കേര ഉള്‍പ്പെടുത്തി നിരവധി കമ്പനികളാണു രംഗപ്രവേശം ചെയ്തിരിക്കുന്നത്. അംഗീകൃത കമ്പനികള്‍ 300- 340 രൂപയ്ക്കു വെളിച്ചെണ്ണ വില്ക്കുമ്പോള് 240 രൂപയ്ക്കു വരെ വിറ്റ് മാര്‍ക്കറ്റ് കീഴടക്കുന്നവരുണ്ട്.
കൂടുതല്‍ ലാഭം കിട്ടുമെന്നതിനാല്‍ ചില വ്യാപാരികള്‍ക്കും ഇത്തരം എണ്ണ വില്ക്കാന് താത്പര്യമേറെയാണ്. പാം കെര്ണല് ഓയില്‍ ഉള്‍പ്പെടുത്തിയാണ് ഇത്തരം വ്യാജന്മാരുടെ വിളയാട്ടമെന്നു മില്ലുടമകള്‍ പറയുന്നു.
വെളിച്ചെണ്ണയില്‍ വറുത്ത ഏത്തക്കായ ഉപ്പേരി എന്ന പേരില്‍ പാം ഓയിലും സണ്‍ ളവര്‍ ഓയിലിലും കറിക്കായയും റോബസ്റ്റ കായയും വറുത്തു വിറ്റു ലാഭം കൊയ്യുന്നവരുമുണ്ട്. ശക്കരവരട്ടിയില് ഭൂരിഭാഗം ഏത്തക്കായ അല്ലെന്ന് ആരോപണമുണ്ട്. ഇവയെല്ലാം ഏത്തക്കായ ഉപ്പേരി എന്ന പേരിലാണു വില്‍പ്പന നടക്കുന്നത്.
നെയ്യ്, ശര്‍ക്കര എന്നിവയിലും വ്യാജന്മാര് പെരുകുന്ന കാലമാണിത്. വിലക്കുറവില്‍ , ഇതുവരെ കേട്ടിട്ടില്ലാത്ത പേരുകളിലും എന്നാല്‍, മില്‍മയുടേതിനു സമാനമായ പായ്ക്കറ്റുകളിലാണു വ്യാജ നെയ് കമ്പനികള്‍ എത്തുക. വ്യാജ ശര്‍ക്കരയ്ക്കു നിറത്തില്‍ ഉള്‍പ്പെടെ വ്യത്യാസമുണ്ടെന്ന് ഉപയോക്താക്കള്‍ പറയുന്നു.






