കോട്ടയം: വിനോദ സഞ്ചാര മേഖലകളില്‍ ഉള്‍പ്പെടെ ഓണനാളുകളിലെ ലഹരി ഉപയോഗം തടയാന്‍ കര്‍ശന നടപടിയുമായി പോലീസും എക്സൈസും.
അവധിയാഘോഷങ്ങളില്‍ ലഹരിയ മാഫിയ പിടിമുറുക്കുന്നതായുള്ള സംശയത്തെത്തുടര്‍ന്നാണു കര്‍ശന നടപടി.
ഓണം പ്രമാണിച്ച് അന്യജില്ലകളില്‍ നിന്ന് ഉള്‍പ്പെടെ ആളുകള്‍ എത്തുമെന്നതിനാല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും പ്രത്യേക നിരീക്ഷണമുണ്ടാവും. ലഹരി ഇടപാടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം അറിയിക്കാന്‍ ടൂറിസം സംരംഭകര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വന്‍കിട റിസോര്‍ട്ടുകളിലും ഹൗസ് ബോട്ടുകളിലും നേരിട്ടു പരിശോധന നടത്തുന്നതു വിനോദസഞ്ചാരത്തെ ബാധിക്കുമെന്നതാണു പ്രശ്നം. സഞ്ചാരികള്‍ക്കു തടസമില്ലാത്ത വിധം രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രവര്‍ത്തനം ഊര്‍ജിതമാക്കും. ഹോട്ടല്‍ ഉടമകള്‍ക്കും ഹൗസ് ബോട്ട് ഉടമകള്‍ക്കും വിവരങ്ങള്‍ അറിയിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തൂഫാന് പരിശോധന കര്‍ശനമാക്കിയതു ഗുണമായെങ്കിലും ഓണമടുത്തതോടെ മാഫിയ സംഘം ലഹരി വില്‍പ്പനയ്ക്ക് വന്‍സന്നാഹം നടത്തുകയാണെന്നു രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കഞ്ചാവും എം.ഡി.എം.എയുമായി യുവാക്കളെ പിടികൂടിയെങ്കിലും ഇനിയും ആളുകളെ വന്സ്രാവുകളുണ്ടെന്നാണു പോലീസിന്റെ വിവരം. മുന്‍പ് ഓണമാകുമ്പോള്‍ വാറ്റുകാരായിരുന്നു കളത്തിലിറങ്ങിയിരുന്നതെങ്കില് ഇപ്പോള്‍ ഹൈബ്രിഡ് കഞ്ചാവും രാസലഹരിയുമൊക്കെയാണു പ്രിയം.
സ്ഥിരം കഞ്ചാവു കച്ചവടക്കാര്‍, ഇപ്പോള്‍ പിടിയിലായവരുടെ സുഹൃത്തുക്കള്‍ എന്നിവരടക്കമുള്ളവരെ നിരീക്ഷണത്തിലാണ്.
അന്യസംസ്ഥാനങ്ങളില്‍ നിന്നു കിലോക്കണക്കിനു കഞ്ചാവ് എത്തിക്കാന്‍ അന്യ സംസ്ഥാനക്കാരുടെ പ്രത്യേക സംഘം ഇപ്പോഴും സജീവമെന്നാണു പോലീസിന്റെയും എക്സൈസിന്റെയും കണ്ടെത്തല്‍. ചിലര്‍ അറസ്റ്റിലായെങ്കിലും കഞ്ചാവ് എത്തിച്ചു മടങ്ങുന്ന സംഘം ഇപ്പോഴുമുണ്ടെന്നാണു വിവരം. ഇത്തരക്കാരും പോലീസ് നിരീക്ഷണത്തിലാണ്.






