കോട്ടയം: ഒന്നാം സമ്മാനത്തുക 30 കോടി രൂപ സ്വന്തമാക്കണം. ഒറ്റ ടിക്കറ്റ് മാത്രം എടുത്ത് ഭാഗ്യം പരീക്ഷിക്കുന്നവർ മുതല്‍ കടുത്ത ആകാംക്ഷയിലാണ്.
സ്ഥിരം ലോട്ടറി എടുക്കുന്നവരെല്ലാം ഒന്നും രണ്ടും ടിക്കറ്റുകള്‍ നേരത്തെ തന്നെ വാങ്ങി സൂക്ഷിച്ചിട്ടുണ്ട്.
20 ടിക്കറ്റ് വരെ വാങ്ങി സൂക്ഷിച്ചിരിക്കുന്നവര്‍ ഏറെയാണ്. നമ്പരുകള്‍ പലകുറി ആലോചിച്ച് ഉറപ്പിച്ചെടുക്കുന്നവരാണ് ഇവരില്‍ ഭൂരിഭാഗവും. ഒറ്റ അക്കത്തില്‍ അവസാനിക്കുന്നത്, ഇരട്ട അക്കത്തില്‍ അവസാനിക്കുന്നത് എന്നിങ്ങനെ പല കണക്കുകൂട്ടലുകളിലും ആണ് ഭാഗ്യാന്വേഷികള്‍ ടിക്കറ്റ് എടുത്തിരിക്കുന്നത്. ടിക്കറ്റ് വാങ്ങാൻ ഐശ്വര്യമുള്ള സ്ഥലം തേടി അലഞ്ഞവരുമുണ്ട്.
മറ്റു ടിക്കറ്റുകളില്‍ നിന്നു വ്യത്യസ്തമായി ബമ്പര്‍ ടിക്കറ്റ് ഷെയര്‍ ഇട്ട് എടുക്കുന്നവരും നിരവധിയാണ്. അഞ്ഞൂറ് രൂപ ഒരുമിച്ച് മുടക്കാനില്ലാത്തവര്‍ അഞ്ച് പേര് ചേര്‍ന്ന് നൂറ് രൂപ വീതം ഷെയറിട്ട് കരസ്ഥമാക്കുന്നവരുമുണ്ട്. മാര്‍ക്കറ്റിങ്ങ് ജീവനക്കാര്‍, സെയില്സ്മാന്മാര്, ടാക്സി തൊഴിലാളികള്‍ അങ്ങനെ ഒറ്റയ്ക്കും കൂട്ടമായും ടിക്കറ്റ് എടുക്കുന്നവർ അവസാന മണിക്കൂറുകളിലും ഏറെ.
ഒന്നാം സമ്മാനമായ 30കോടിയില്‍ നിന്ന് നികുതിയും കമ്മീഷനും കഴിഞ്ഞു കിട്ടുന്ന തുക തുല്യമായി വീതം വച്ചാലും നഷ്ടമില്ലെന്നാണ് ഇവരുടെ പക്ഷം.എല്ലാ ജില്ലകളിലേയും ടിക്കറ്റുകള്‍ ഒരിടത്ത് കിട്ടുമെന്നതിനാല്‍ പതിവായി ഭാഗ്യമെത്തുന്ന പാലക്കാട്, തൃശൂര്‍ ജില്ലകളിലെ ടിക്കറ്റിനാണ് ഇത്തവണയും ഡിമാന്‍ഡ്. മറ്റു ജില്ലകളില്‍ നിന്നു പോലും ഇവിടെയെത്തി പാലക്കാട് ടിക്കറ്റ് വാങ്ങുന്നവരുണ്ടെന്നു വ്യാപാരികള്‍പറയുന്നു.
അവസാന മണിക്കൂറുകളിലും ടിക്കറ്റ് വില്‍പ്പന പൊടിപൊടിക്കുകയാണ്. 30 കോടി ഒന്നാം സമ്മാനത്തിന് പുറമേ ഒരു കോടി രൂപയും 25 ലക്ഷവും രണ്ടും മൂന്നും സമ്മാനങ്ങളായി 20 പേര്‍ക്കു വീതം ലഭിക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്കാണ് നറുക്കെടുപ്പ് ആരംഭിക്കുന്നത്.






