പത്തനംതിട്ട: കലഞ്ഞൂരില്‍ കാറില്‍ കടത്താൻ ശ്രമിച്ച കഞ്ചാവും എം.ഡി.എം.എ യും ഹാഷിഷ് ഓയിലുമായി നാലംഗ സംഘം പിടിയില്‍.
പിടികൂടാൻ ശ്രമിക്കുന്നതിനിടെ പ്രതികള്‍ പൊലീസിന് നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ചു.
അടൂർ പഴകുളം സ്വദേശി ലൈജു, നൂറനാട് സ്വദേശികളായ ശ്യാം, അരുണ്‍, കിരണ്‍, എന്നിവരെയാണ് ജില്ലാ ഡാൻസാഫ് ടീമിന്റെയും അടൂർ സബ് ഡിവിഷൻ ഡാൻസാഫ് ടീമിന്റെയും സംയുക്ത സംഘം കൂടല്‍ പൊലീസുമായി ചേർന്ന് പിടികൂടിയത്. കലഞ്ഞൂർ കരിച്ചന്നൂരിലുള്ള ലൈജുവിന്റെ വാടകവീട്ടില്‍ നിന്നും കഞ്ചാവ്, എംഡി എം എ , ഹാഷിഷ് ഓയില്‍ എന്നിവ പ്രതികള്‍ കാറില്‍ കടത്തുന്നതായി രഹസ്യ വിവരം ലഭിച്ച പൊലീസ് ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. കലഞ്ഞൂർ വലിയ പള്ളിക്ക് സമീപത്ത് വെച്ച് പ്രതികള്‍ സഞ്ചരിച്ച വാഹനത്തിന് കുറുകെ പൊലീസ് ജീപ്പ് നിർത്തി വാഹനം തടഞ്ഞാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഈ സമയത്താണ് സംഘം പൊലീസിന് നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ചത്.
400 ഗ്രാം കഞ്ചാവും 13. 508 ഗ്രാം MDMA യും 2.303 ഗ്രാം ഹാഷിഷ് ഓയിലും കാറില്‍ നിന്നും പിടിച്ചെടുത്തു. കഴിഞ്ഞ ഒരുമാസത്തോളമായി സംഘം പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രധാന പ്രതി ലൈജു നിരവധി മയക്കുമരുന്ന് കേസുകളിലും കാപ്പ കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കേരളത്തിലും ആന്ധ്രപ്രദേശിലും ഉള്‍പ്പെടെ മയക്കുമരുന്ന് കേസില്‍ ശിക്ഷ അനുഭവിച്ചയാളാണ്. സംഘത്തിലെ മറ്റുള്ളവരും നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതികളാണ്. പ്രതികളെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും






