തിരുവനന്തപുരം: 30കോടിരൂപ ഒന്നാംസമ്മാനമായുള്ള തിരുവോണം ബംബർ ഭാഗ്യക്കുറി വില്പനയ്ക്ക് ആവേശകരമായ തുടക്കം.
വിൽപ്പന ആരംഭിച്ച ആദ്യ ദിനമായ ഇന്നലെ ( ജൂലൈ 20) തന്നെ 8,72,540 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്.
കഴിഞ്ഞ വർഷം ആദ്യ ദിനത്തിൽ 3,17,850 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത് .
ഇതുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ ആദ്യ ദിനത്തിൽ തന്നെ 5,54,690 ടിക്കറ്റുകളുടെ വർധനവാണ് രേഖപ്പെടുത്തിയത്.
ആദ്യ ഘട്ടമായി 20 ലക്ഷം ടിക്കറ്റുകളാണ് വില്പനയ്ക്കായി ലഭ്യമാക്കിയിട്ടുള്ളത്.
ജനങ്ങളിൽ നിന്ന് ലഭിക്കുന്ന മികച്ച സ്വീകരണവും വിശ്വാസവുമാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന കാരണമെന്ന് ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ അഞ്ജു കെ. എസ് അറിയിച്ചു.
സംസ്ഥാനത്തുടനീളമുള്ള അംഗീകൃത ഭാഗ്യക്കുറി ഏജന്റുമാരും വിൽപ്പനക്കാരും നടത്തുന്ന സജീവ പ്രവർത്തനങ്ങളും വിൽപ്പന വർധിക്കാൻ സഹായകമായതായി വകുപ്പ് വിലയിരുത്തി.
വരും ദിവസങ്ങളിൽ തിരുവോണം ബംബർ ടിക്കറ്റുകൾക്കുള്ള ആവശ്യകത കൂടുതൽ വർധിക്കുമെന്ന പ്രതീക്ഷയിലാണ് വകുപ്പ്.






