മലപ്പുറം: നിലമ്പൂർ ചന്തക്കുന്ന് വെളിയന്തോട് ജവഹർ നഗറില്‍ ജനവാസ മേഖലയിലിറങ്ങിയ കാട്ടാന വീട് ആക്രമിച്ചു.
പൈങ്കുളം തങ്കയുടെ വീടിനുനേരെയാണ് രാത്രിയില്‍ ആക്രമണമുണ്ടായത്. കാട്ടാന കിടപ്പുമുറിയുടെ ജനല്‍ച്ചില്ലുകള്‍ പൂർണ്ണമായി തകർത്തു.
സംഭവസമയത്ത് തങ്ക, മരുമകള്‍ രജനി, ഇവരുടെ മകള്‍ എന്നിവർ ഈ മുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു. ജനല്‍ച്ചില്ലുകള്‍ തകർന്ന് ദേഹത്തേക്ക് വീണതോടെയാണ് ഇവർ ഞെട്ടിയുണർന്നത്. വീട്ടുകാർ പരിക്കേല്‍ക്കാതെ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
ജനല്‍ വഴി പുറത്തേക്ക് നോക്കിയപ്പോഴാണ് ആന മതില് തകർത്ത് തൊട്ടടുത്ത പറമ്പിലേക്ക് കടന്നുപോകുന്നത് കണ്ടതെന്ന് ഭയന്നുവിറച്ച കുടുംബാംഗങ്ങള്‍ പറഞ്ഞു. മുമ്പും പ്രദേശത്ത് കാട്ടാനകള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും വീടിനുനേരെ ആക്രമണം നടത്തുന്നത് ആദ്യമായാണെന്ന് നാട്ടുകാർ പറയുന്നു. എഴുപതോളം കുടുംബങ്ങള്‍ തിങ്ങിപ്പാർക്കുന്ന ജവഹർ നഗർ പ്രദേശം ഐ.ജി.എം.എം.ആർ സ്കൂളിന് തൊട്ടടുത്താണ്.
കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവർ താമസിക്കുന്ന ഈ മേഖലയില്‍ കാട്ടാന ശല്യം പതിവായതോടെ നാട്ടുകാർ കടുത്ത ഭീതിയിലാണ്. വനംവകുപ്പ് അടിയന്തരമായി ഇടപെട്ട് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.






