കോട്ടയം : ഈ ഓണത്തിന് സദ്യ വിളമ്പാൻ തയ്യാറെടുക്കുകയാണ് കോട്ടയത്തെ ഹോട്ടലുകളും കാറ്ററിംഗ് യൂണിറ്റുകളും.
ഒരു കാൾ മാത്രം മതി. സകലവിഭവങ്ങളും തൂശനിലയും സഹിതം വീട്ടിലെത്തും. അതിനാൽ വീട്ടമ്മമാർക്ക് പാചകത്തിന്റെ തിരക്കും ടെൻഷനുമില്ല.
സദ്യയ്ക്കുള്ള ബുക്കിംഗുകൾ കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു. കുടുംബശ്രീയും കാറ്ററിംഗ് സർവീസ് ആരംഭിച്ചിട്ടുണ്ട്. ഇത് ഗ്രാമപ്രദേശത്തെ വീട്ടമ്മമാർക്ക് പുതിയൊരു തൊഴിൽവരുമാന മാർഗം കൂടെയാണ്.
തൂശനിലയിൽ അവിയലും തോരനും പച്ചടിയും കിച്ചടിയും പായസവും ഓലനുമടക്കം പരമ്പരാഗത ഓണസദ്യ ലഭിക്കും. വർഷം തോറും ഓണസദ്യ ബുക്ക് ചെയ്യുന്നവരുടെ എണ്ണം വർദ്ധിക്കുന്നു.
ആവശ്യക്കാർ ഏറിയതോടെ പലയിടത്തും ബുക്കിഗ് അവസാനിപ്പിച്ചിരിക്കുകയാണ്. ചിലയിടങ്ങളിൽ ഉത്രാടം വരെ ബുക്കിംഗ് സ്വീകരിക്കും
നിത്യോപയോഗ സാധനങ്ങളുടെയും പച്ചക്കറികളുടെയും പാചക വാതകത്തിന്റെയും വില വർദ്ധന മൂലം ഇത്തവണ സദ്യയുടെ നിരക്കിൽ 20 - 30 ശതമാനത്തിന്റെ വരെ വർദ്ധനയുണ്ട്. സർക്കാർ ഓഫീസുകൾ പോയി ക്യാൻവാസിംഗ് നടത്തി ഓർഡർ എടുത്തവരുമുണ്ട്.
ലളിതമായ വിഭവങ്ങളോടെ 160 രൂപയ്ക്കും സമൃദ്ധിയോടെ 999 രൂപ വയെും സദ്യലഭിക്കും. വാഴയിലയും പേപ്പർ ഗ്ളാസും ഉപ്പും പായസവും അടങ്ങുന്നതാണ് മിക്ക യൂണിറ്റുകളുടെയും സദ്യ. 18 മുതൽ 27 ഇനങ്ങൾ വരെ നൽകുന്നവരുണ്ട്. ചില കാറ്ററിംഗുകാർ മൂന്നു പായസം വരെ നൽകുമ്പോൾ സദ്യ മാത്രമായി നൽകുന്നവരുമുണ്ട്.
പായസവും കറികളും മാത്രം ഓർഡർ ചെയ്യാനുള്ള സൗകര്യവുമുണ്ട്. നഗര പ്രദേശങ്ങളിലെ മുൻനിര ഹോട്ടലുകളിൽ നിന്നാണ് ഓണ സദ്യ വാങ്ങുന്നതെങ്കിൽ നിരക്കിൽ ശരാശരി 100 രൂപയുടെ വർദ്ധന പ്രതീക്ഷിക്കാം. മിക്ക കാറ്ററിംഗ് യൂണിറ്റുകളും ആദ്യം ബുക്ക് ചെയ്യുന്നവർക്ക് 5 മുതൽ 10 ശതമാനം വരെ ഡിസ്കൗണ്ടും നൽകുന്നുണ്ട്.






