തിരുവനന്തപുരം: ഉത്സവകാല ഓണ്ലൈൻ ഷോപ്പിങ് സെയിലുകളുടെ ഭാഗമായി ആമസോണ് ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവല്, ഫ്ലിപ്കാർട്ട് ബിഗ് ബില്യണ് ഡേയ്സ് തുടങ്ങിയവയുടെ പേരില് വ്യാജ ഓഫറുകള് പ്രചരിപ്പിച്ച് സൈബർ തട്ടിപ്പുകള് നടത്താൻ സാധ്യതയുള്ളതിനാല് പൊതുജനങ്ങള് ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ് മുന്നറിയിപ്പ് നല്കി.
സോഷ്യല് മീഡിയ പ്ലാറ്റ്ഫോമുകള്, വാട്സ്ആപ്പ് സന്ദേശങ്ങള്,എസ്എംഎസ്,ഇ-മെയിലുകള് എന്നിവയിലൂടെ ആകർഷകമായ വിലക്കുറവുകളും സമ്മാനങ്ങളും വാഗ്ദാനം ചെയ്താണ് തട്ടിപ്പുകാർ ഇരകളെ കണ്ടെത്തുന്നത്. പ്രമുഖ ഓണ്ലൈൻ ഷോപ്പിങ് വെബ്സൈറ്റുകളുടെ പേരും ലോഗോയും ദുരുപയോഗം ചെയ്ത് വ്യാജ വെബ്സൈറ്റുകളും ലിങ്കുകളും പ്രചരിപ്പിക്കുന്നതും തട്ടിപ്പിന്റെ ഭാഗമാണ്.
വിപണിവിലയേക്കാള് വളരെ കുറഞ്ഞ വിലയ്ക്ക് ഉല്പ്പന്നങ്ങള് വാഗ്ദാനം ചെയ്ത് ഉപഭോക്താക്കളെ വ്യാജ വെബ്സൈറ്റുകളിലേക്ക് എത്തിക്കുകയാണ് തട്ടിപ്പിൻ്റെ തുടക്കം. തുടർന്ന് ഓർഡർ നല്കുന്നതിനും പണമടയ്ക്കുന്നതിനുമായി ബാങ്ക് അക്കൗണ്ട് വിവരങ്ങള്, കാർഡ് വിവരങ്ങള്, ഒ.ടി.പി. തുടങ്ങിയവ കൈക്കലാക്കുന്നു. വ്യാജ കസ്റ്റമർ കെയർ നമ്പറുകള് വഴിയും തട്ടിപ്പുകള് നടക്കാം. പണം അടച്ചശേഷം ഉല്പ്പന്നം ലഭിക്കാതിരിക്കുകയോ നിലവാരമില്ലാത്ത ഉല്പ്പന്നങ്ങള് ലഭിക്കുകയോ ചെയ്യുന്നതും തട്ടിപ്പുകളുടെ ഭാഗമാണ്. ചില സന്ദർഭങ്ങളില് റീഫണ്ട്, ജി.എസ്.ടി., പ്രോസസ്സിങ് ഫീസ് തുടങ്ങിയ പേരുകളില് വീണ്ടും പണം ആവശ്യപ്പെടുകയും ചെയ്യുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്
* സോഷ്യല് മീഡിയയിലെ പരസ്യങ്ങളിലെ ലിങ്കുകളില് ക്ലിക്ക് ചെയ്യുന്നതിനു മുമ്പ് അവയുടെ വിശ്വാസ്യത ഉറപ്പാക്കുക.
* ആമസോണ്, ഫ്ലിപ്കാർട്ട് തുടങ്ങിയവയുടെ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെയോ ആപ്പുകളിലൂടെയോ മാത്രം ഷോപ്പിംഗ് നടത്തുക.
* വെബ്സൈറ്റ് വിലാസത്തിലെ അക്ഷരപ്പിശകുകളും വ്യാജ ഡൊമെയ്നുകളും പരിശോധിക്കുക.
* വാട്സ്ആപ്പ് സന്ദേശങ്ങളിലൂടെയും അപരിചിത നമ്പറുകളില്നിന്നും ലഭിക്കുന്ന ഓഫർ ലിങ്കുകള് സൂക്ഷിച്ച് മാത്രം കൈകാര്യം ചെയ്യുക.
* യു.പി.ഐ. പിൻ, ഒ.ടി.പി., എ.ടി.എം. പിൻ, കാർഡ് സി.വി.വി., ബാങ്കിങ് പാസ്വേഡ് തുടങ്ങിയ രഹസ്യവിവരങ്ങള് ആരുമായും പങ്കുവയ്ക്കരുത്.
* പണം ലഭിക്കാനായി യു.പി.ഐ. പിൻ നല്കേണ്ടതില്ലെന്ന് ഓർക്കുക.
* സമ്മാനമോ ഓഫറോ ലഭിക്കുന്നതിനായി മുൻകൂർ പണം ആവശ്യപ്പെടുന്നവരെ വിശ്വസിക്കരുത്.
* പണം നല്കിയശേഷം റീഫണ്ട് ലഭിക്കുന്നതിനായി അപരിചിതരുടെ നിർദേശപ്രകാരം ആപ്പുകള് ഇൻസ്റ്റാള് ചെയ്യുകയോ ബാങ്ക് വിവരങ്ങള് കൈമാറുകയോ ചെയ്യരുത്.
സൈബർ സാമ്പത്തിക തട്ടിപ്പിനിരയായാല് 1930 എന്ന ദേശീയ സൈബർ ക്രൈം ഹെല്പ്ലൈൻ നമ്പറില് ബന്ധപ്പെടാമെന്ന് പൊലീസ് അറിയിച്ചു. https://cybercrime.gov.in എന്ന വെബ്സൈറ്റ് വഴിയും പരാതി നല്കാം. തട്ടിപ്പുമായി ബന്ധപ്പെട്ട സന്ദേശങ്ങള്, ഫോണ് നമ്പറുകള്, വെബ്സൈറ്റ് ലിങ്കുകള്, പണമിടപാട് വിവരങ്ങള് എന്നിവ തെളിവായി സൂക്ഷിക്കുക. ഓണ്ലൈൻ ഷോപ്പിങ് നടത്തുമ്പോള് അമിതമായ വിലക്കുറവിന്റെ വാഗ്ദാനങ്ങളില് വീഴരുത്. ജാഗ്രതയോടെയും ഉത്തരവാദിത്വത്തോടെയും ഇടപാടുകള് നടത്തണമെന്നും പൊലീസ് നിര്ദേശിക്കുന്നു.






