ഡൽഹി:സൗദിഅറേബ്യയിലേക്ക് പോയ മലയാളി നഴ്സിനെ കാണാനില്ലെന്ന് പരാതി. വയനാട് സുല്ത്താന് ബത്തേരിയിലെ അയ്യന്കൊല്ലി സ്വദേശിയായ ഫിലോമിനയെ ആണ് കാണാതായത്.
കഴിഞ്ഞ മൂന്ന് വര്ഷത്തില് അധികമായി ഫിലോമിന റിയാദിലെ കിങ് ഫഹദ് ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. 40 ദിവസത്തെ അവധി കഴിഞ്ഞ് നാട്ടില് നിന്ന് സൗദിയിലേക്ക് പുറപ്പെട്ടതാണ് ഈ 33കാരി.
രവി-സെല്വി ദമ്പതികളുടെ മകളാണ് ഫിലോമിന. ബെംഗളൂരു വഴിയാണ് സൗദിയിലേക്ക് പോയത്. റിയാദിലാണ് ജോലി എങ്കിലും അവര് വിമാനം കയറിയത് ജിദ്ദയിലേക്കാണ്. അവിടെ നിന്ന് മറ്റൊരു വിമാനത്തില് റിയാദിലേക്ക് പോകേണ്ടതായിരുന്നു. ജിദ്ദയില് ഇറങ്ങിയ ശേഷം കുടുംബത്തെ ബന്ധപ്പെട്ടിരുന്നു. ചില പ്രശ്നങ്ങളുള്ളതായി കുടുംബത്തെ അറിയിക്കുകയും ചെയ്തു.
ഈ മാസം പത്തിനാണ് ഫിലോമിന ബെംഗളൂരു വിമാനത്താവളത്തില് നിന്ന് ജിദ്ദയിലേക്ക് പോയത്. തന്നോട് ഒരു മുറിയിലേക്ക് മാറിയിരിക്കാന് ആവശ്യപ്പെട്ടുവെന്നും ഉദ്യോഗസ്ഥര് ചില കടലാസില് ഒപ്പുവെപ്പിച്ചു എന്നും പാസ്പോര്ട്ട് വാങ്ങിയെന്നും ഫിലോമിന കുടുംബത്തെ അറിയിച്ചിരുന്നു. എന്താണ് കാരണം എന്ന് അവര് തിരക്കിയെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ലത്രെ. സാധനങ്ങളും ബാഗും കൊണ്ടുപോകാന് മറ്റാരോടെങ്കിലും ആവശ്യപ്പെടണമെന്നും നിര്ദേശിച്ചെന്ന് ഫിലോമിന കുടുംബത്തെ അറിയിച്ചു.
ഫോണില് സംസാരിക്കുന്നത് കണ്ട് ഫോണ് ഉദ്യോഗസ്ഥര് വാങ്ങി എന്നാണ് കുടുംബം പറയുന്നത്. ഇതെല്ലാം നടന്നത് കഴിഞ്ഞ ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ്. പിന്നീട് ഫോണില് ബന്ധപ്പെടാന് സധിക്കാതെ വന്നതോടെ കുടുംബം നോര്ക്ക, ഇന്ത്യന് എംബസി എന്നിവര്ക്ക് പരാതി നല്കിയെങ്കിലും ഇതുവരെ പ്രതികരണം ലഭിച്ചിട്ടില്ല.
റിയാദ് വിമാനത്താവളം ലക്ഷ്യമിട്ട് നിരന്തരം ഹൂതികളുടെ മിസൈല് ആക്രമണം നടക്കുന്നുണ്ട്. ഈ സാഹചര്യത്തില് റിയാദിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയിരിക്കുകയാണ്. റിയാദിലേക്കുള്ള വിമാനം വൈകുമെന്ന വിവരം ഫിലോമിന കുടുംബത്തെ അറിയിച്ചിരുന്നുവത്രെ. വിമാനം റദ്ദാക്കിയെന്ന വിവരം പിന്നീട് കിട്ടിയെന്നും അവര് പറഞ്ഞു. ശേഷമാണ് ബന്ധപ്പെടാന് സാധിക്കാതെ വന്നത്.
ജിദ്ദയിലെ മലയാളി സന്നദ്ധ പ്രവര്ത്തകരുടെ ശ്രദ്ധയില് ഈ വിഷയമുണ്ട്. അവര് അധികൃതരമായി സംസാരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. റിയാദില് യുദ്ധ സമാന സാഹചര്യമുള്ളതിനാലാണ് ആശങ്ക. ഫിലോമിന എവിടെയാണ് ഉള്ളത് എന്ന് വിവരം ലഭിച്ചാല് മതിയെന്ന് രവിയും സെല്വിയും പറയുന്നു.






