കാഞ്ഞിരപ്പള്ളി : മലയോരമേഖലയിലെ സാധാരണക്കാരന്റെ ആശ്രയമായ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തുന്ന രോഗികൾ ആശ്രയിക്കുന്നത് സ്വകാര്യ കാനിംഗ് സെന്ററുകളെയാണ്. ഈ സ്വകാര്യ സ്കാനിംഗ് സെന്ററുകൾ ആകട്ടെ ജനങ്ങളെ കൊള്ളയടിച്ച് എല്ലാ മാസവും കൃത്യമായി കമ്മീഷൻ ഡോക്ടർമാർക്ക് നൽകുന്നു. 10 വർഷങ്ങൾക്കു മുമ്പ് ജനറൽ ആശുപത്രിയിൽ സ്കാനിംഗ് സെന്റർ തുടങ്ങുന്നതിനു വേണ്ടി അനുവദിച്ച മെഷീനുകൾ ഉപയോഗിക്കാതെ കാലപ്പഴക്കത്തിൽ ആക്രി സാധനങ്ങൾ ആയി നശിച്ചുപോയി.
ജനറൽ ആശുപത്രിയിൽ സ്കാനിംഗ് സെന്റർ തുടങ്ങാത്തത് ജനറൽ ആശുപത്രി പരിസരത്ത് പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കാനാണ് എന്നുള്ള ആരോപണം ശക്തമാണ്. ഓരോ സ്കാനിങ് നടത്തുമ്പോഴും ഡോക്ടർമാർക്കുള്ള കമ്മീഷൻ എല്ലാ മാസവും കൃത്യമായി സ്കാനിങ് സെന്ററുകൾ നൽകുന്നുണ്ട്, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി പരിസരത്ത് പ്രവർത്തിക്കുന്ന സെന്ററുകളിൽ ഒരേ തരം സ്കാനിങ്ങിന് വ്യത്യസ്തമായ രീതിയിലാണ് പണം ഈടാക്കുന്നത്, കോട്ടയം ജില്ലയിൽ ആറോളം ബ്രാഞ്ചുകൾ ഉള്ള സ്വകാര്യ സ്കാനിംഗ് സ്ഥാപനം മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി കൂടുതൽ തുകയാണ് രോഗികളിൽ നിന്നും ഈടാക്കുന്നത്.
ചില ഡോക്ടർമാർ ലക്ഷക്കണക്കിന് രൂപയാണ് ഒരു മാസം സ്കാനിങ് സെന്ററിൽ നിന്നും കമ്മീഷൻ ആയി കൈപ്പറ്റുന്നത് എന്ന ആരോപണം ശക്തമാണ്. സംസ്ഥാന സർക്കാർ ഹോസ്പിറ്റലുകളിലെ ചികിത്സാ നിരക്കുകൾ ഏകീകരിക്കുന്നതിനായി നിയമ നിർമ്മാണം നടത്തുവാനായി ശ്രമം നടത്തുന്ന ഈ സാഹചര്യത്തിൽ കേരളത്തിലെ എല്ലാ സ്കാനിങ് സെന്ററുകളിലും ലാബുകളിലും ഏകീകൃത ഫീസ് സംവിധാനം ഏർപ്പെടുത്തേണ്ടതാണ് എന്ന അഭിപ്രായം ഉയരുന്നുണ്ട്. പത്തനംതിട്ട എംപി ആന്റോ ആന്റണി, കാഞ്ഞിരപ്പള്ളി എം.എൽ.എ പ്രൊഫസർ റോണി കെ ബേബി, സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ എന്നിവർ ഇടപെട്ട് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ സ്വകാര്യ സ്കാനിംഗ് സെന്ററുകളുടെ തീവെട്ടിക്കൊള്ള തടയുന്നതിന് വേണ്ടി സ്കാനിംഗ് സെന്റർ തുടങ്ങണമെന്ന് ആവശ്യം ശക്തമാണ്.






