തിരുവനന്തപുരം: മിക്കവീടുകളിലും കാണുന്ന ഒന്നാണ് നിലവിളക്കും ഓട്ടുപാത്രങ്ങളും. ഇവ കാണാൻ നല്ല ഭംഗിയാണെങ്കിലും സൂക്ഷിക്കാൻ വലിയ ബുദ്ധമുട്ടാണ്.
കാരണം വളരെപ്പെട്ടെന്ന് തന്നെ ഇവ കരിപിടിക്കുകയും ഭംഗി നഷ്ടമാകുകയും ചെയ്യുന്നു. പലപ്പോഴും ഇവ മണിക്കൂറുകളോളം ഉരച്ചുകഴുകേണ്ട സ്ഥിതിയാണ്. എന്നാല് ഇനിമുതല് ഈ പ്രശ്നം ഉണ്ടാവില്ല.
പകരം വളരെ എളുപ്പത്തില് വലിയ ചെലവില്ലാതെ തന്നെ നിലവിളക്കുകളും ഓട്ടുപാത്രങ്ങളും ഭംഗിയുള്ളതാക്കാം. അതിനാകെ വേണ്ടത് അരി കഴുകിയെടുത്ത വെള്ളമാണ്. അരി കഴുകിയ വെള്ളത്തിലെ സ്വാഭാവിക അന്നജവും നേരിയ അമ്ലഗുണവും വിളക്കിലെ കരിയും എണ്ണമയവും ഇളകാൻ സഹായിക്കുന്നു. എങ്ങനെയാണ് ഈ വെള്ളം ഉപയോഗിച്ച് നിലവിളക്കുകളും ഓട്ടുപാത്രങ്ങളും കറകളഞ്ഞ് തിളക്കമുള്ളതാക്കുന്നതെന്ന് നോക്കാം.
ആദ്യം അത്യാവശ്യം വലിപ്പമുള്ള പാത്രത്തില് അരി കഴുകിയ വെള്ളമെടുക്കണം. ഇനി ഈ വെള്ളത്തിലേയ്ക്ക് അഴുക്കുപിടിച്ച ഓട്ടുപാത്രങ്ങളും വിളക്കുകളും എണ്ണ കളയാതെ തന്നെ രണ്ടുമണിക്കൂറെങ്കിലും മുക്കിവയ്ക്കണം. നന്നായി മുങ്ങിയിരിക്കത്തക്ക വിധത്തില് വെള്ളം വേണം. ഇനി ഒരു സ്ക്രബ്ബറെടുത്ത് ഡിഷ് വാഷില് മുക്കി വിളക്കും ഓട്ടുപാത്രങ്ങളും തേച്ചുകഴുകണം. പിന്നീട് സാധാരണ വെള്ളത്തില് കഴുകിയെടുക്കാം. പെട്ടെന്ന് തന്നെ അവ വൃത്തിയായി കിട്ടും. ആഴ്ചയില് ഒന്നോ രണ്ടോ ദിവസം ഇങ്ങനെ ചെയ്താല് വിളക്കുകളും ഓട്ടുപാത്രങ്ങളും പുത്തൻപോലെ തിളങ്ങും.






