കാഠ്മണ്ഡു : നേപ്പാള്‍ ദുരന്തത്തില്‍ കാണാതായ ബ്രിട്ടീഷ് പൗരത്വമുള്ള കൊല്ലം സ്വദേശിനി സുനന്ദയുടെ മക്കള്‍ ഡിഎന്‍എ സാമ്പിള്‍ നല്കി. യുകെയില്‍ ഉള്ള സുനന്ദയുടെ മക്കളാണ് ഡിഎന്‍എ സാമ്പിള്‍ നല്‍കിയത്. സുനന്ദയുമായി പോയ സംഘത്തെ കണ്ടെത്തുന്നതിന് യുകെയില്‍ നിന്നുള്ള സൈന്യവും നേപ്പാളിലെത്തി.
പരവൂര്‍ കോങ്ങാല്‍ സ്വദേശിനി സുനന്ദ മണി രാജ(63)നെയാണ് നേപ്പാള്‍ ദുരന്തത്തില്‍ കാണാതായത്. നേപ്പാളിന്റെ ഇമിഗ്രേഷന്‍, കസ്റ്റംസ് ഓഫീസില്‍ വിസ സ്റ്റാമ്പ് ചെയ്യുമ്പോഴാണ് അപകടത്തില്‍പ്പെട്ടതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. 40 വര്‍ഷത്തോളമായി സുനന്ദ ബ്രിട്ടനില്‍ ആണ് താമസം. നിലവില്‍ ബ്രിട്ടീഷ് പൗരത്വമാണ് ഇവര്‍ക്കുള്ളത്.
കഴിഞ്ഞ ഓഗസ്റ്റ് 25ആം തീയതി ഉച്ചയ്ക്കാണ് നേപ്പാളിലെത്തിയതായി അറിയിച്ച് സുനന്ദ വീട്ടിലേക്ക് വിളിച്ചതെന്ന് സഹോദരി പറഞ്ഞിരുന്നു. പിറ്റേ ദിവസം അപകടം നടന്നതിന് ശേഷം ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല.
കഴിഞ്ഞ മാസം 16നാണ് ഇവര്‍ ലണ്ടനില്‍ നിന്നും ഡല്‍ഹിയിലെത്തിയത്. ഡല്‍ഹിയില്‍ നിന്നും നേപ്പാളിലേക്ക് യാത്രതിരിക്കുകയും ചെയ്തു. നേപ്പാളിലെത്തി കസ്റ്റംസ് ഓഫീസില്‍ വിസ സ്റ്റാമ്പ് ചെയ്യുന്നതിനിടയില്‍ അപകടത്തില്‍പ്പെട്ടുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സുനന്ദക്ക് ഒപ്പമുണ്ടായിരുന്ന ലണ്ടനില്‍ നിന്നുമെത്തിയ സംഘത്തെക്കുറിച്ചും യാതൊരു വിവരവുമില്ല.






