കോഴിക്കോട്: കോഴിക്കോട് ചേവായൂരില്‍ കാർ കത്തി ചേവായൂർ സ്വദേശി സുധാകരന്റെ മരണത്തില്‍ ദുരൂഹത. കത്തിയ കാറിന്റെ 20 മീറ്റർ അകലെ നിന്ന് പെട്രോള്‍ കന്നാസ് കണ്ടെത്തി.
നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചല്ല കാർ കത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. വളരെ പതുക്കെയാണ് കാർ ഇറക്കമിറങ്ങുന്നത്. അതിന് ശേഷം കത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ചേവായൂർ മഠത്തില്മുക്കിലാണ് സംഭവം നടന്നത്. മരിച്ച സുധാകരന് 65 വയസാണ് പ്രായം. സുധാകരന്റെ വീടിന്റെ 250 മീറ്റർ അകലെയാണ് സംഭവം നടന്നത്. ജീപ്പ് കോംപസ് കാറാണ് പൊട്ടിത്തെറിച്ചത്.
സംഭവം ആത്മഹത്യയാണോ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഈ നിഗമനത്തിന് ബലമേകുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സംഭവം നടക്കുന്നതിന്റെ 20 മീറ്റർ അകലെ വെച്ച് തന്നെ പെട്രോളിന്റെ അംശമുള്ള ഒരു കന്നാസ് പൊലീസ് കണ്ടെത്തിയിരുന്നു. കന്നാസ് ഫോറൻസിക് സംഘം പരിശോധന നടത്തിയിരുന്നു. കാറിന് തീപിടിച്ചപ്പോള്‍ സുധാകരൻ അതിനുള്ളില്‍ കുടുങ്ങി മരിച്ചതാകാം എന്നായിരുന്നു പൊലീസിന്റെ ആദ്യനിഗമനം.
എന്നാല്‍ തുടക്കത്തില്‍ തന്നെ പൊലീസ് ദുരൂഹത സംശയിച്ചിരുന്നു. കാർ മതിലില്‍ ഇടിച്ചതിന്റെ ലക്ഷണങ്ങളും കണ്ടെത്തിയിരുന്നില്ല. ഫോറൻസിക് സംഘമെത്തി പരിശോധന നടത്തിയതിന് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. സുധാകരന്റെ ബന്ധുക്കളുടെ മൊഴിയെടുക്കാനുള്ള തീരുിമാനത്തിലാണ്. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനാണ് സുധാകരൻ. സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.






